അഗ്വേറോ തന്നെയാണ് എന്നുറപ്പാണോ? സിറ്റിയുടെ പ്രതിമയെ ട്രോളി ടോണി ക്രൂസ്!

കഴിഞ്ഞ ദിവസമായിരുന്നു മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ ഇതിഹാസ താരമായ സെർജിയോ അഗ്വേറോയുടെ പ്രതിമ ഇത്തിഹാദിന് മുന്നിൽ അനാച്ഛാദനം ചെയ്തത്. പത്ത് വർഷങ്ങൾക്ക് മുമ്പ് മാഞ്ചസ്റ്റർ സിറ്റിക്ക് ആദ്യ പ്രീമിയർ ലീഗ് കിരീടം സമ്മാനിച്ചത് QPR നെതിരെ അഗ്വേറോ നേടിയ അവസാന നിമിഷത്തിലെ ഗോളായിരുന്നു.ആ ഗോൾ ആഘോഷിക്കുന്ന അഗ്വേറോയെയാണ് പ്രതിമ രൂപത്തിൽ മാഞ്ചസ്റ്റർ സിറ്റി സ്ഥാപിച്ചിരുന്നത്.

എന്നാൽ ഈ പ്രതിമക്ക് അഗ്വേറോയേക്കാൾ കൂടുതൽ മുഖ സാദൃശ്യം തോന്നിക്കുന്നത് റയലിന്റെ സൂപ്പർ താരമായ ടോണി ക്രൂസുമായിട്ടാണ് എന്നുള്ള കാര്യം ആരാധകർ കണ്ടെത്തുകയായിരുന്നു. പിന്നീട് സോഷ്യൽ മീഡിയയിൽ ഇത് വലിയ രൂപത്തിൽ ചർച്ച ചെയ്യുകയും ചെയ്തു. മാത്രമല്ല ടോണി ക്രൂസ് തന്നെ ഈ പ്രതിമയെ ട്രോളി കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.

അതായത് ഈ പ്രതിമയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ” സെർജിയോ അഗ്വേറോ ഇവിടെയുണ്ട് ” എന്നായിരുന്നു സിമോൺ സ്റ്റോൺ ട്വീറ്റ് ചെയ്തിരുന്നത്. എന്നാൽ ഇത് ഷെയർ ചെയ്തു കൊണ്ട് ടോണി ക്രൂസ് ക്യാപ്ഷൻ നൽകിയത് ഉറപ്പാണോ എന്നായിരുന്നു. അതായത് പ്രതിമ അഗ്വേറോയുടേത് തന്നെയാണോ എന്നാണ് പരിഹാസരൂപേണ ക്രൂസ് ചോദിച്ചിട്ടുള്ളത്.

പ്രമുഖ ശില്പിയായ ആന്റി സ്കോട്ടാണ് ഈയൊരു പ്രതിമ നിർമ്മിച്ചിട്ടുള്ളത്.ഗാൽവനൈസ്ഡ് സ്റ്റീലാണ് ഇതിനുവേണ്ടി ഉപയോഗിച്ചിട്ടുള്ളത്.അതേസമയം ഈ പ്രതിമ തനിക്ക് വളരെയധികം സ്പെഷ്യലാണെന്നും ക്ലബ്ബിനോട് നന്ദി പറയുന്നു എന്നുമാണ് അഗ്വേറോ ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. മാഞ്ചസ്റ്റർ സിറ്റിയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായ അഗ്വേറോ ഹൃദയസംബന്ധിയായ പ്രശ്നങ്ങൾ കാരണം ഫുട്ബോളിൽ നിന്നും നേരത്തെ തന്നെ വിരമിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *