അഗ്വേറൊ ബാഴ്‌സയിലെത്തും, നിബന്ധന ഒന്ന് മാത്രം!

ഈ സീസണോട് കൂടി മാഞ്ചസ്റ്റർ സിറ്റി വിടുമെന്ന് സൂപ്പർ താരം സെർജിയോ അഗ്വേറൊ മുന്നേ തന്നെ പ്രഖ്യാപിച്ചതാണ്. ഈ സീസണോട് കൂടിയാണ് സിറ്റിയുടെ എക്കാലത്തെയും ടോപ് സ്കോററായ അഗ്വേറൊയുടെ കരാർ അവസാനിക്കുന്നത്. താരം എഫ്സി ബാഴ്സലോണയിലേക്ക് എത്തുമെന്നുള്ള അഭ്യൂഹങ്ങൾ വളരെ സജീവമാണ്. ക്ലബ് വിട്ട ലൂയിസ് സുവാരസിന്റെ സ്ഥാനത്തേക്ക് ഫ്രീ ഏജന്റ് ആയ അഗ്വേറൊയെ എത്തിക്കാനാണ് ലാപോർട്ട പദ്ധതി ഇടുന്നതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. ഏതായാലും അഗ്വേറൊക്ക് ബാഴ്‌സയിലേക്കെത്താൻ ആഗ്രഹമുണ്ട്. പക്ഷെ അദ്ദേഹത്തിന് ഒരേയൊരു നിബന്ധനയാണുള്ളത്. അർജന്റീനയിലെ തന്റെ സഹതാരമായ ലയണൽ മെസ്സി ബാഴ്സയിൽ തന്നെ തുടരണം.

മെസ്സിയുണ്ടെങ്കിലേ താൻ ബാഴ്സയിലേക്കൊള്ളൂ എന്ന നിലപാടിലാണ് അഗ്വേറൊ. എഎസ് ആണ് ഈയൊരു വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. അതേസമയം ബാഴ്സയെ കൂടാതെ പിഎസ്ജിയും യുവന്റസും താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷെ താരത്തിന് താല്പര്യം ബാഴ്‌സ തന്നെയാണ്. രണ്ട് വർഷത്തെ കരാറായിരിക്കും താരത്തിന് ഓഫർ ചെയ്യുകയെന്നും എഎസ് ചൂണ്ടികാണിക്കുന്നുണ്ട്. അതേസമയം കുറച്ചു കാലം കൂടി ടീമിൽ തുടരുന്ന ഒരു താരത്തിനാണ് ബാഴ്സ മുൻഗണന നൽകുന്നത്. എർലിങ് ഹാലണ്ട്, ലൗറ്ററോ മാർട്ടിനെസ്, നെയ്മർ ഇവർക്കൊക്കെ ലാപോർട്ട പരിഗണന നൽകാനാണ് സാധ്യത. അത്കൊണ്ട് തന്നെ ഇവരിൽ ആരെങ്കിലും ബാഴ്സയിൽ എത്തിയാൽ അഗ്വേറൊയുടെ ഭാവി സംശയത്തിലാവും.

Leave a Reply

Your email address will not be published. Required fields are marked *