” അക്കാര്യത്തിന് ക്ലബുകൾ സമ്മതിച്ചില്ലെങ്കിൽ പ്രീമിയർ ലീഗ് ഉപേക്ഷിച്ചേക്കും “
പ്രീമിയർ ലീഗ് ക്ലബുകൾ ഹോം ഗ്രൗണ്ട് ഉപേക്ഷിച്ച് ന്യൂട്രൽ ഗ്രൗണ്ടുകളിൽ കളിക്കാൻ തയ്യാറായിട്ടില്ല എങ്കിൽ ലീഗ് ഉപേക്ഷിക്കേണ്ടി വരുമെന്ന് ലീഗ് മാനേജേഴ്സ് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് ആയ റിച്ചാർഡ് ബെവൻ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന ക്ലബുകളുടെ ഒരു യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് പ്രതിസന്ധി മൂലം എല്ലാ ഗ്രൗണ്ടുകളിലും മത്സരം നടത്താൻ കഴിയില്ലെന്നും ലീഗ് അധികൃതർ തിരഞ്ഞെടുക്കുന്ന ചില ഗ്രൗണ്ടുകളിൽ മാത്രമേ മത്സരം നടക്കുകയൊള്ളൂ എന്നും ക്ലബുകളെ അറിയിച്ചിരുന്നു. ഇതോടെ ഹോം ഗ്രൗണ്ട് ആനുകൂല്യം നഷ്ടപ്പെടുമെന്നതിനാൽ ചില ക്ലബുകൾ യോഗത്തിൽ ഇതിനോട് വിമുഖത പ്രകടിപ്പിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ചീഫ് ആയ റിച്ചാർഡ് ബെവൻ.
കഴിഞ്ഞ മാർച്ചിൽ നിർത്തിവെച്ച മത്സരങ്ങൾ എത്രയും പെട്ടന്ന് ആരംഭിക്കാനാണ് ഇപിഎൽ അധികൃതരുടെ ശ്രമം. ലാലിഗയും സിരി എയും ബുണ്ടസ്ലിഗയുമൊക്കെ കാര്യങ്ങൾ ദ്രുതഗതിയിൽ ആക്കിയെങ്കിലും പ്രീമിയർ ലീഗിൽ ഇപ്പോഴും വേണ്ടവിധത്തിൽ പുരോഗതി നടന്നിട്ടില്ല. ഈയൊരു അവസരത്തിലാണ് ഇത്തരമൊരു നിർദേശം ക്ലബുകൾക്ക് മുൻപാകെ ഇവർ വെച്ചത്. ഇതിൽ 20 ക്ലബുകളിൽ പതിനാല് ക്ലബുകൾ മാത്രമാണ് ഇത് അംഗീകരിച്ചത്. ബ്രൈറ്റൻ ക്ലബിന്റെ ചീഫ് ഒക്കെ ഈ നീക്കത്തെ നിശിതമായി വിമർശിച്ചിരുന്നു. ഇതോടെയാണ് നിർദേശം അംഗീകരിച്ചില്ലെങ്കിൽ ലീഗ് ഉപേക്ഷിക്കുമെന്ന് റിച്ചാർഡ് ബെവൻ മുന്നറിയിപ്പ് നൽകിയത്.