യുണൈറ്റഡിനെ വെള്ളംകുടിപ്പിച്ച് കോപൻഹേഗൻ ഗോൾകീപ്പർ, ഒടുവിൽ രക്ഷപ്പെട്ടു !

താരസമ്പന്നമായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിറപ്പിച്ചു കൊണ്ട് കീഴടങ്ങി എഫ്സി കോപൻഹേഗൻ. ഇന്നലെ നടന്ന യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിന്റെ മത്സരത്തിലാണ് ഏകപക്ഷീയമായ ഒരു ഗോളിന് യുണൈറ്റഡ് കോപൻഹെഗനെ തകർത്തു വിട്ടത്. മത്സരത്തിന്റെ അധികസമയത്തിലെ 95-ആം മിനുട്ടിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയഗോൾ പിറന്നത്. പെനാൽറ്റിയിലൂടെ ബ്രൂണോ ഫെർണാണ്ടസാണ് ഗോൾ നേടിയത്. ജയത്തോടെ യൂറോപ്പ ലീഗിന്റെ സെമി ഫൈനലിലേക്ക് പ്രവേശിക്കാൻ യൂണൈറ്റഡിനായി വോൾവ്‌സ് vs സെവിയ്യ മത്സരത്തിലെ വിജയികളെ ആയിരിക്കും യുണൈറ്റഡിന് സെമിയിൽ നേരിടേണ്ടി വരിക.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുന്നേറ്റനിര അക്ഷരാർത്ഥത്തിൽ വെള്ളം കുടിച്ച മത്സരം എന്ന് തന്നെ പറയേണ്ടി വരും ഇന്നലത്തെ മത്സരത്തിനെ. ശരിക്കും യുണൈറ്റഡിനെ വിറപ്പിച്ച പ്രകടനമായിരുന്നു കോപൻഹേഗൻ ഗോൾ കീപ്പർ ജോൺസണിന്റെ ഭാഗത്ത് നിന്നുണ്ടായത്. യുണൈറ്റഡിന്റെ തലങ്ങുംവിലങ്ങുമുള്ള ഷോട്ടുകളെയും മുന്നേറ്റങ്ങളെയും താരം നിഷ്പ്രഭമാക്കുകയായിരുന്നു. പതിമൂന്നിൽ പരം സേവുകൾ ആണ് ഈ മത്സരത്തിൽ മാത്രം താരത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. അവസാനം ബ്രൂണോയുടെ പെനാൽറ്റിക്ക് മുൻപിൽ മാത്രം താരം കീഴടങ്ങുകയായിരുന്നു. മത്സരത്തിന്റെ 45-ആം മിനുട്ടിൽ ഗ്രീൻവുഡ് ഗോൾ നേടിയെങ്കിലും വാർ പ്രകാരം അത് ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. പിന്നീട് മത്സരം അധികസമയത്തേക്ക് നീങ്ങുകയും 95-ആം മിനുട്ടിൽ മാർഷ്യലിനെ വീഴ്ത്തിയതിന് യുണൈറ്റഡിന് പെനാൽറ്റി ലഭിക്കുകയും ചെയ്തു. പെനാൽറ്റി എടുത്ത ബ്രൂണോ ഫെർണാണ്ടസിന് പിഴച്ചില്ല. ഈയൊരു ഗോളിന്റെ പിൻബലത്തിൽ യുണൈറ്റഡ് സെമി ഫൈനൽ കാണുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *