തന്റെ കുതിപ്പിന്റെ രഹസ്യം ബേബി ഓയിൽ, രസകരമായ വെളിപ്പെടുത്തലുമായി ട്രവോറെ !

കഴിഞ്ഞ സീസണിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയും പ്രശംസകൾക്ക് പാത്രമാവുകയും ചെയ്ത താരമാണ് വോൾവ്‌സിന്റെ സ്പാനിഷ് സൂപ്പർ താരം അഡമ ട്രവോറെ. കഴിഞ്ഞ സീസണിൽ വോൾവ്‌സ് നടത്തിയ കുതിപ്പിൽ മുഖ്യപങ്കു വഹിച്ചത് താരമായിരുന്നു. യൂറോപ്പിലെ വമ്പൻ ക്ലബുകൾ എല്ലാം തന്നെ റാഞ്ചാനുള്ള ഒരുക്കത്തിലാണ്. ബാഴ്സ ഉൾപ്പെടുന്ന ക്ലബുകൾ താരത്തിന് വേണ്ടി രംഗത്തുണ്ട്. ഏതായാലും തടയിടാൻ കഴിയാത്ത തന്റെ കുതിപ്പിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ട്രവോറെ. ബേബി ഓയിലാണ് തന്റെ കുതിപ്പിന് കാരണം എന്നാണ് ട്രവോറെ വെളിപ്പെടുത്തിയിരിക്കുന്നത്. താൻ മത്സരത്തിനിറങ്ങും മുമ്പ് ഷോൾഡറിൽ ബേബി ഓയിൽ പുരട്ടുമെന്നും ഫലമായി എതിർ ഡിഫൻഡർമാർക്ക് തന്നെ പിടിച്ചു വെക്കാൻ കഴിയില്ലെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. മറ്റുള്ള താരങ്ങളേക്കാൾ ശാരീരികമായി ഏറെ മുന്നിൽ നിൽക്കുന്ന ട്രവോറെക്ക് അപാര വേഗതതും മുതൽ കൂട്ടാണ്. ഇതിനോടൊപ്പം തന്നെ തോളിൽ ബേബി ഓയിൽ പുരട്ടുകയും ചെയ്യുന്നതാണ് തന്നെ തടയാൻ കഴിയാത്തതിന്റെ കാരണമെന്നാണ് ട്രവോറെയുടെ വിശദീകരണം.

“എന്റെ ഷോൾഡർ എനിക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ക്ലബ് സ്റ്റാഫ് മുൻകൂട്ടി കണ്ടിരുന്നു. അതിനാൽ തന്നെ അവർ ബുദ്ദിപരമായ ഒരു തന്ത്രം പ്രയോഗിച്ചു. അവർ ബേബി ഓയിൽ പുരട്ടുകയായിരുന്നു. ഞാൻ മുന്നോട്ട് പോവാതിരിക്കാൻ വേണ്ടി എതിർ താരങ്ങൾ എന്റെ കയ്യിലും ഷോൾഡറിലും പിടിക്കുമായിരുന്നു. എന്നാൽ ബേബി ഓയിൽ പുരട്ടിയ കാരണം അവർക്ക് പിടിക്കാൻ സാധിക്കില്ല എന്ന് മാത്രമല്ല അവർക്ക് വഴുതൽ അനുഭവപ്പെടുകയും ചെയ്യുമായിരുന്നു. ഫലമായി എനിക്ക് എളുപ്പത്തിൽ മുന്നോട്ട് കുതിക്കാൻ കഴിയും. ആദ്യത്തെ മത്സരത്തിൽ ഇത് വളരെ രസകരമായിരുന്നു. പലരും എന്നെ പിടിക്കാൻ ശ്രമിച്ചു. പക്ഷെ അതിനവർക്ക് സാധിച്ചില്ല. അപ്പോഴവർ എന്നോട് വന്നു ചോദിച്ചു.എന്താണ് സംഭവിക്കുന്നതെന്ന്? ഞാനവരോട് പറഞ്ഞു.എനിക്കറിയില്ല. പതിയെ പതിയെ ഇക്കാര്യം എല്ലാവരുമറിഞ്ഞു. അവർ തന്ത്രങ്ങൾ മാറ്റുകയും ചെയ്തു. എന്നെ സംബന്ധിച്ചെടുത്തോളം എനിക്ക് അതൊരു പ്രശ്നമല്ല. എങ്ങനെ കളിക്കണമെന്നും എങ്ങനെ വേഗത ഉപയോഗിക്കണമെന്നും എനിക്ക് കൃത്യമായ ധാരണയുണ്ട് ” ട്രവോറെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *