എറിക് ഗാർഷ്യയെ ബാഴ്സക്ക് വിട്ടുനൽകുമോ? പെപ് ഗ്വാർഡിയോള പറയുന്നു

വരുന്ന സമ്മർ ട്രാൻസ്ഫറിൽ മാഞ്ചസ്റ്റർ സിറ്റിയുടെ യുവപ്രതിരോധനിര താരം എറിക് ഗാർഷ്യയെ ബാഴ്സ തിരികെയെത്തിക്കാൻ ശ്രമങ്ങൾ ആരംഭിച്ചു എന്ന വാർത്തകൾ പുറത്തു വന്നത് കഴിഞ്ഞ ദിവസമായിരുന്നു. മുൻ ബാഴ്സലോണ താരമായിരുന്ന എറിക് ഗാർഷ്യയെ ടീമിൽ എത്തിച്ച് പ്രതിരോധം ശക്തിപ്പെടുത്താനാണ് ക്ലബിന്റെ പദ്ധതി. 2008 മുതൽ 2017 വരെ ബാഴ്സ യൂത്ത് ടീമിൽ കളിച്ച താരം പിന്നീട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുകയായിരുന്നു. എന്നാൽ മൂന്ന് വർഷങ്ങൾക്കിപ്പുറം ബാഴ്‌സ താരത്തെ തിരികെ എത്തിക്കാൻ താല്പര്യപ്പെടുകയായിരുന്നു. താരത്തിനും ബാഴ്സയിലേക്ക് തിരികെ വരാനാണ് ആഗ്രഹം. പക്ഷെ സിറ്റി അനുവദിക്കുമോ എന്നാണ് വലിയ ചോദ്യം. ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള.

താരത്തിന് ഒരു വർഷം കൂടി സിറ്റിയിൽ കരാർ അവശേഷിക്കുന്നുണ്ട്. താരത്തെ നിലനിർത്താൻ ക്ലബ്ബിനെ കൊണ്ട് ആവുന്ന വിധം ശ്രമിക്കുമെന്നും എന്നാൽ അന്തിമതീരുമാനം താരത്തിന്റേത് ആണെന്നുമാണ് ഗ്വാർഡിയോളയുടെ അഭിപ്രായം. താരത്തെ കൈവിടാൻ സിറ്റിക്ക് താല്പര്യമില്ലെന്നും അദ്ദേഹം അറിയിച്ചു. ” തീർച്ചയായും ഞങ്ങൾക്ക് ഒരു വർഷം കൂടിയുണ്ട്. എന്നാൽ താരത്തിന് പോവണം എന്നാണേൽ താരത്തിന് പോകാം. ഇനിയും കുറെയേറെ വർഷങ്ങൾ ഇവിടെ തുടരാൻ വേണ്ടി താരത്തെ കഴിയും വിധം ഞങ്ങൾ പ്രേരിപ്പിക്കും. അദ്ദേഹം സിറ്റിയിൽ തുടരുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. പക്ഷെ അന്തിമതീരുമാനം, അത് താരത്തിന്റേത് മാത്രമാണ് ” പെപ് ഗ്വാർഡിയോള പറഞ്ഞു. പത്തൊൻപതുകാരനായ താരം ജനനം കൊണ്ടതും വളർന്നതും ബാഴ്സലോണയിൽ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *