MLS ലേക്ക് പോവാനുള്ള ആലോചനയിൽ ഫ്രഞ്ച് സൂപ്പർ താരം!
അമേരിക്കൻ ലീഗായ എംഎൽഎസിൽ നേരത്തെ തന്നെ ഒരുപാട് പ്രശസ്തരായ താരങ്ങൾ കളിച്ചിട്ടുണ്ട്. പക്ഷേ കഴിഞ്ഞ സമ്മറിൽ ലയണൽ മെസ്സി എത്തിയതോടുകൂടിയാണ് MLS മറ്റൊരു ലെവലിലേക്ക് മാറിയത്.മെസ്സിയുടെ ഇമ്പാക്ട് വളരെ വലുതായിരുന്നു. ഇന്ന് ഫുട്ബോൾ ലോകം വളരെയധികം ശ്രദ്ധിക്കുന്ന ഒരു ലീഗ് ആയിക്കൊണ്ട് മാറാൻ അമേരിക്കൻ ലീഗിന് സാധിച്ചിട്ടുണ്ട്.ഇന്റർ മയാമിയുടെ താരമാണ് ലയണൽ മെസ്സി.
ഇപ്പോഴിതാ AC മിലാന്റെ ഫ്രഞ്ച് സൂപ്പർതാരമായ ഒലിവർ ജിറൂദിനും അമേരിക്കയിലേക്ക് ചേക്കേറാൻ താല്പര്യമുണ്ട്. എസി മിലാനുമായുള്ള അദ്ദേഹത്തിന്റെ കോൺട്രാക്ട് അവസാനിക്കാനിരിക്കുകയാണ്.ഈ കരാർ പുതുക്കാൻ അദ്ദേഹം താല്പര്യപ്പെടുന്നില്ല.മറിച്ച് അമേരിക്കൻ ലീഗ് അദ്ദേഹത്തെ പ്രലോഭിപ്പിക്കുന്നുണ്ട്. അമേരിക്കയിലേക്ക് പോകാനുള്ള ആലോചനയിലാണ് ജിറൂദ് ഇപ്പോൾ ഉള്ളത്.
🚨 Olivier Giroud is yet to sign new contract at AC Milan as he could be lured to join MLS in the summer.
— Transfer News Live (@DeadlineDayLive) January 4, 2024
(Source: Gazzetta dello Sport) pic.twitter.com/Zh58s9IhWj
ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.പക്ഷേ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹം ക്ലബ്ബ് വിടാനുള്ള സാധ്യതകൾ കുറവാണ്. മറിച്ച് വരുന്ന സമ്മറിലായിരിക്കും അദ്ദേഹം അമേരിക്കയിലേക്ക് പോകുക.31 കാരനായ താരം 2021ലായിരുന്നു മിലാനിലേക്ക് എത്തിയത്. അവരോടൊപ്പം ഇറ്റാലിയൻ ലീഗ് കിരീടം നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ആകെ 106 മത്സരങ്ങൾ ക്ലബ്ബിനായി കളിച്ച ഈ സൂപ്പർതാരം 41 ഗോളുകൾ നേടിയിട്ടുണ്ട്. ഈ സീസണിലും ഇറ്റാലിയൻ ലീഗിലും മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. 15 മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകളും 5 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഏതായാലും അദ്ദേഹം വൈകാതെ ഒരു അന്തിമ തീരുമാനം എടുത്തേക്കും. മറ്റൊരു ഫ്രഞ്ച് സൂപ്പർതാരമായ അന്റോയിൻ ഗ്രീസ്മാനും അമേരിക്കയിലേക്ക് ചേക്കേറാനുള്ള തന്റെ താൽപര്യം നേരത്തെ പ്രകടിപ്പിച്ചിരുന്നു.