മെസ്സിയുടെ സൂപ്പർമാർക്കറ്റ് സന്ദർശനം വെറും നാടകം: ആരോപണവുമായി മുൻ താരം.

സൂപ്പർ താരം ലയണൽ മെസ്സി ഇപ്പോൾ ഇന്റർ മിയാമിയുടെ താരമാണ്. തികച്ചും അപ്രതീക്ഷിതമായി കൊണ്ടാണ് ലയണൽ മെസ്സിയെ ഇന്റർമിയാമി സ്വന്തമാക്കിയത്. മെസ്സി ഇത്ര വേഗത്തിൽ യൂറോപ്പ് വിടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ മെസ്സിക്ക് ചിരപരിചിതമായ ഒരു സ്ഥലമാണ് മിയാമി. പലപ്പോഴും അവധി ആഘോഷിക്കാൻ വേണ്ടി മെസ്സി മിയാമിയിൽ എത്താറുണ്ടായിരുന്നു.നേരത്തെ തന്നെ മെസ്സി മിയാമിയിൽ വീട് വാങ്ങിയിട്ടുമുണ്ട്.

ഏതായാലും ഇന്റർ മിയാമിയിൽ എത്തിയതിന് പിന്നാലെ ലയണൽ മെസ്സി സാധനസാമഗ്രികൾ വാങ്ങാൻ വേണ്ടി ഒരു സൂപ്പർമാർക്കറ്റിൽ എത്തിയത് വലിയ രൂപത്തിൽ വൈറലായിരുന്നു. കുടുംബത്തോടൊപ്പമായിരുന്നു മെസ്സി പബ്ലിക്സ് എന്ന സൂപ്പർമാർക്കറ്റിന്റെ മിയാമി ബ്രാഞ്ചിൽ എത്തിയത്. ഇന്റർ മിയാമിയുടെ സ്പോൺസർമാർ കൂടിയാണ് പബ്ലിക്സ്. ഇത് ഉയർത്തിക്കൊണ്ട് മുൻ അമേരിക്കൻ താരമായിരുന്ന അലക്സി ലാലാസ് ചില ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മെസ്സിയുടെ ഈ സൂപ്പർമാർക്കറ്റ് സന്ദർശനം നേരത്തെ തിരക്കഥയെഴുതി തയ്യാറാക്കിയ ഒരു നാടകമായിരുന്നു എന്നാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്.ലാലാസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ആദ്യം അവർ ചെയ്ത കാര്യം ഒരു സൂപ്പർമാർക്കറ്റിലേക്ക് പോയി എന്നതാണ്. അത് മുൻകൂട്ടി ആസൂത്രണം ചെയ്തതാണ്. ലയണൽ മെസ്സി പബ്ലിക്സിന്റെ സൂപ്പർമാർക്കറ്റിൽ വരുന്നു,അദ്ദേഹം സാധനസാമഗ്രികളൊക്കെ വാങ്ങുന്നു. വൈറലാവാൻ ഇതിൽപരം എന്തുവേണം?ഇന്റർ മിയാമിയുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ ഒന്ന് പോയി നോക്കുക. അവരുടെ സ്പോൺസർമാരാണ് ഈ പബ്ലിക്സ്.ഇതെല്ലാം ഒരു നാടകമാണ്.പക്ഷേ ഇതൊക്കെ കൊടുക്കൽ വാങ്ങൽ നയമാണ്. ലയണൽ മെസ്സിയെ കൊണ്ടുവന്ന അവസരം അവർ പരമാവധി മുതലെടുക്കും. കളത്തിനകത്തും കളത്തിന് പുറത്തും മെസ്സിയെ മാക്സിമം ഉപയോഗപ്പെടുത്തുകയാണ് അവർ ചെയ്യുക ” ഇതാണ് മുൻ അമേരിക്കൻ താരം പറഞ്ഞിട്ടുള്ളത്.

ഏതായാലും മെസ്സിയുടെ വരവ് അമേരിക്കൻ ലീഗിന് കൂടുതൽ ഊർജ്ജം നൽകിയിട്ടുണ്ട്. കൂടുതൽ സൂപ്പർ താരങ്ങൾ ഇനിയും MLS ലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *