ഇന്റർ മിയാമിയുടെ മുഴുവൻ ടിക്കറ്റുകളും വിറ്റു തീർന്നു, മെസ്സിയും സ്ഥിരീകരിച്ചെന്ന് അഗ്വേറോ!
സൂപ്പർ താരം ലയണൽ മെസ്സിയെ തികച്ചും അപ്രതീക്ഷിതമായി കൊണ്ടാണ് അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമി സ്വന്തമാക്കിയത്. മെസ്സിക്ക് വേണ്ടി എഫ്സി ബാഴ്സലോണയും അൽ ഹിലാലും ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അവസാനം മെസ്സിയെ ഇന്റർ മിയാമി സ്വന്തമാക്കുകയായിരുന്നു. മെസ്സിയുടെ വരവ് മേജർ ലീഗ് സോക്കറിന് ഒരു പുതിയ ഊർജ്ജം തന്നെ പകർന്നേക്കും. മെസ്സിയുടെ സാന്നിധ്യം കളത്തിനകത്തും കളത്തിന് പുറത്തും ഇന്റർ മിയാമിക്ക് ഗുണം ചെയ്തേക്കും.
ഇതിനിടെ മറ്റൊരു റിപ്പോർട്ട് കൂടി പ്രമുഖ മാധ്യമമായ ഗോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് ഈ സീസണിൽ ഇനി ബാക്കിയുള്ള ഇന്റർ മിയാമിയുടെ മത്സരങ്ങളിലെ എല്ലാ ടിക്കറ്റുകളും ഇതിനോടകം തന്നെ വിറ്റ് തീർന്നിട്ടുണ്ട്. ഹോം മത്സരങ്ങളിലെയും എവേ മത്സരങ്ങളിലെയും ടിക്കറ്റുകൾ പൂർണ്ണമായും വിറ്റ് തീർന്നു എന്നാണ് ഗോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മെസ്സിയുടെ സൈനിങ്ങ് പ്രഖ്യാപിച്ചതിന് പിന്നാലെ ഈ ടിക്കറ്റിന്റെ വില കുത്തനെ ഉയരുകയും ചെയ്തിരുന്നു.
ഇക്കാര്യം ലയണൽ മെസ്സിയുടെ സുഹൃത്തായ സെർജിയോ അഗ്വേറോ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അതായത് ലയണൽ മെസ്സിയോട് ഇന്റർമിയാമിയുടെ ടിക്കറ്റുകൾ താൻ ആവശ്യപ്പെട്ടുവെന്നും എന്നാൽ ടിക്കറ്റുകൾ വിറ്റ് തീർന്ന വിവരം മെസ്സി തന്നോട് പറഞ്ഞു എന്നുമാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Kun Aguero: “I asked Messi for a ticket of Inter Miami game and he told me it was sold out. There are no tickets. I don't know what's going on..” @SC_ESPN 🇺🇸 pic.twitter.com/w8v8KoFcxS
— All About Argentina 🛎🇦🇷 (@AlbicelesteTalk) June 8, 2023
” ഇന്റർ മിയാമിയുടെ മത്സരങ്ങളുടെ ടിക്കറ്റുകൾ ഞാൻ ലയണൽ മെസ്സിയോട് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ടിക്കറ്റുകൾ എല്ലാം വിറ്റു തീർന്നു എന്നുള്ള കാര്യം മെസ്സി എന്നോട് പറഞ്ഞു.ഇനി ടിക്കറ്റുകൾ ഒന്നും ബാക്കിയില്ല. അവിടെ എന്താണ് സംഭവിക്കുന്നത് എന്നുള്ളത് എനിക്കറിയില്ല ” ഇതാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്.
മെസ്സിയുടെ വരവോടുകൂടി MLS ൽ ടിക്കറ്റുകൾക്ക് ഡിമാൻഡ് വർധിച്ചിരുന്നു. താരതമ്യേന ചെറിയ ഗ്രൗണ്ടാണ് ഇന്റർമിയാമിക്കുള്ളത്. 19000 ആളുകളെ മാത്രമാണ് ഇന്റമിയാമിയുടെ സ്റ്റേഡിയത്തിൽ ഉൾക്കൊള്ളുക. ഏതായാലും മെസ്സിയുടെ വരവോടുകൂടി ഇക്കാര്യങ്ങളിൽ എല്ലാം പുരോഗതി ഉണ്ടാവും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.