PSG വിടാൻ എംബപ്പേ തയ്യാർ, പക്ഷേ ആവശ്യപ്പെടുന്നത് കണ്ണ് തള്ളിക്കുന്ന തുക!
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയുടെ ഭാവി ഇപ്പോഴും ഒരു അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല. 2024 വരെയാണ് അദ്ദേഹത്തിന് ക്ലബ്ബുമായി കോൺട്രാക്ട് അവശേഷിക്കുന്നത്.ആ കരാർ പുതുക്കാനുള്ള ഓപ്ഷൻ അദ്ദേഹത്തിന്റെ മുന്നിലുണ്ടെങ്കിലും അദ്ദേഹം പുതുക്കില്ല.ഇക്കാര്യം ക്ലബ്ബിനെ അറിയിച്ചതോടുകൂടി അദ്ദേഹത്തെ വിൽക്കാനാണ് പിഎസ്ജി തീരുമാനിച്ചിട്ടുള്ളത്. എന്നാൽ എംബപ്പേ ഇതുവരെ അതിന് സമ്മതിച്ചിട്ടില്ല.
ഇതിനിടെ പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്.അതായത് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജി വിട്ട് മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാൻ എംബപ്പേ ഒരുക്കമാണ്. പക്ഷേ അദ്ദേഹത്തിന് ഒരു ഡിമാൻഡ് ഉണ്ട്. അതായത് ഈ ഡീലിന്റെ ഭാഗമായിക്കൊണ്ട് 240 മില്യൺ യുറോയെന്ന ഭീമമായ തുക എംബപ്പേ ആവശ്യപ്പെടുന്നുണ്ട്.
🚨💣 Kylian Mbappé wants to receive 240 million euros if he leaves PSG this summer. @jfelixdiaz #rmalive pic.twitter.com/MG2T1ipPa0
— Madrid Zone (@theMadridZone) July 2, 2023
ഇതിന് പുറമേ പിഎസ്ജിക്ക് ട്രാൻസ്ഫർ ഫീയും നൽകേണ്ടിവരും. നിലവിൽ രണ്ട് ക്ലബ്ബുകളാണ് എംബപ്പേയെ പരിഗണിക്കുന്നത്. റയൽ മാഡ്രിഡ്,ലിവർപൂൾ എന്നിവരാണ് ആ രണ്ടു ക്ലബ്ബുകൾ.ലിവർപൂൾ ഇപ്പോൾ പിൻവലിഞ്ഞതായാണ് റിപ്പോർട്ടുകൾ. അതേസമയം റയൽ മാഡ്രിഡ് ഇത്രയും വലിയ തുക മുടക്കാൻ ഉദ്ദേശിക്കുന്നില്ല. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എംബപ്പേ റയലിൽ എത്തില്ല എന്ന് തന്നെയാണ് മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതിനോടകം ബെല്ലിങ്ഹാമിന് വേണ്ടി ഒരു വലിയ തുക റയൽ മാഡ്രിഡ് ചിലവഴിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എംബപ്പേ ഫ്രീ ഏജന്റാവുമ്പോൾ അദ്ദേഹത്തിന് വേണ്ടി ശ്രമങ്ങൾ തുടരാം എന്നുള്ള നിലപാടിലാണ് റയൽ മാഡ്രിഡ് ഉള്ളത്. 2024 ജനുവരി ഒന്നു മുതൽ എംബപ്പേയുമായി ചർച്ച ചെയ്യാൻ റയലിന് സാധിക്കും. അത് ഉപയോഗപ്പെടുത്താനാണ് ഈ സ്പാനിഷ് ക്ലബ്ബ് തീരുമാനിച്ചിട്ടുള്ളത്.