GOAT Things : മെസ്സിയുടെ മിന്നും ഗോളിനെ പ്രശംസിച്ച് ഗാരി ലിനേക്കർ!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് പിഎസ്ജി ടുളൂസെയെ പരാജയപ്പെടുത്തിയത്. ഈ മത്സരത്തിലെ വിജയഗോൾ നേടിയത് സൂപ്പർ താരം ലയണൽ മെസ്സിയായിരുന്നു.
മത്സരത്തിന്റെ ഇരുപതാം മിനിറ്റിൽ ഒരു ഗോളിന് പിഎസ്ജി പിറകിൽ പോവുകയായിരുന്നു. എന്നാൽ 38ആം മിനുട്ടിൽ അഷ്‌റഫ് ഹക്കീമിയുടെ ഗോളിലൂടെ പിഎസ്ജി സമനില നേടി. അതിനുശേഷം രണ്ടാം പകുതിയിലാണ് ലയണൽ മെസ്സിയുടെ സുന്ദരമായ ഗോൾ പിറന്നത്.
ഹക്കീമി നടത്തിയ മുന്നേറ്റത്തിന് ഒടുവിൽ ലഭിച്ച പന്ത് ലയണൽ മെസ്സി പെനാൽറ്റി ബോക്സിന് വെളിയിൽ നിന്ന് ഒരു ഫസ്റ്റ് ടൈം ഷോട്ടിലൂടെ വലയിലേക്ക് എത്തിക്കുകയായിരുന്നു. ഗോൾകീപ്പർക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിന് മുന്നേ തന്നെ മെസ്സിയുടെ ഷോട്ട് വലയിൽ എത്തിയിരുന്നു.മനോഹരമായ ഗോൾ തന്നെയായിരുന്നു മെസ്സി നേടിയിരുന്നത്. ഇംഗ്ലീഷ് ഇതിഹാസമായ ഗാരി ലിനേക്കർ ഇതിനെ എടുത്ത് പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും മികച്ച താരം ചെയ്യുന്ന കാര്യങ്ങൾ എന്നാണ് ലിനേകർ ഈ ഗോളിനെ കുറിച്ച് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെയാണ്.
Watch Best Moments of Lionel Messi in PSG’s Victory Over vs. Toulouse (Video) https://t.co/wkDiftSC4r
— PSG Talk (@PSGTalk) February 4, 2023
” അതേസമയം ലയണൽ മെസ്സി എന്താണോ ചെയ്യാറുള്ളത് അത് അദ്ദേഹം തുടർന്നു കൊണ്ടേയിരിക്കുന്നു.GOAT THINGS ” ഇതാണ് ഗാരി ലിനേക്കർ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ഗോളുകൾ ലയണൽ മെസ്സിക്ക് ഒരു സാധാരണ സംഭവമാണ് എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് ഇപ്പോൾ പിഎസ്ജിക്ക് വേണ്ടിയും മെസ്സി പുറത്തെടുക്കുന്നത്.24 മത്സരങ്ങളാണ് മെസ്സി കളിച്ചിട്ടുള്ളത്.അതിൽനിന്ന് 15 ഗോളുകളും 14 അസിസ്റ്റുകളും പൂർത്തിയാക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.