33 മത്സരങ്ങൾക്കിടെ രണ്ടാം കിരീടം, സന്തോഷം പ്രകടിപ്പിച്ച് പോച്ചെട്ടിനോ!

ഇന്നലെ നടന്ന ഫ്രഞ്ച് കപ്പിന്റെ ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മൊണോക്കോയെ തോൽപ്പിച്ച് കൊണ്ട് പിഎസ്ജി കിരീടം ചൂടിയിരുന്നു. ഈ സീസണിൽ പിഎസ്ജി ചൂടുന്ന രണ്ടാം കിരീടമാണ് ഫ്രഞ്ച് കപ്പ്. ഇതിന് മുമ്പ് ട്രോഫി ഡെസ് ചാമ്പ്യൻസ് പിഎസ്ജി കരസ്ഥമാക്കിയിരുന്നു. ഈ സീസണിന്റെ പകുതിയിൽ വെച്ച് പരിശീലകസ്ഥാനമേറ്റടുത്ത പോച്ചെട്ടിനോക്ക് സ്വപ്നസമാനമായ നേട്ടങ്ങളാണ് കരസ്ഥമാക്കാൻ സാധിച്ചിട്ടുള്ളത്.33 മത്സരങ്ങൾക്കിടെ രണ്ട് കിരീടങ്ങൾ സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചു.293 മത്സരങ്ങൾ പോച്ചെട്ടിനോ ടോട്ടൻഹാമിനെ പരിശീലിപ്പിച്ചപ്പോൾ ഒരൊറ്റ കിരീടം പോലും നേടാൻ സാധിച്ചിരുന്നില്ല. ഏതായാലും ടീമിന്റെ പ്രകടനത്തിലും കിരീടനേട്ടത്തിലും ഏറെ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് പോച്ചെട്ടിനോ. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” തീർച്ചയായും ഞങ്ങൾ വളരെയധികം സന്തോഷത്തിലാണ്.ഈ വിജയവും കിരീടവും ഞങ്ങൾ അർഹിച്ചതാണ്.താരങ്ങളുടെ പ്രകടനത്തിലും പോരാട്ടവീര്യത്തിലും ഞാൻ സന്തോഷവാനാണ്. എന്നാൽ ആരാധകർക്ക് ഇവിടെ വന്ന് ഇത്‌ കാണാനും ആഘോഷിക്കാനും സാധിക്കാത്തതിൽ എനിക്ക് ദുഃഖമുണ്ട്.പക്ഷേ ഞങ്ങൾക്ക് അർഹിച്ച കിരീടം ലഭിച്ചതിൽ ടീം ഒന്നടങ്കം സന്തോഷത്തിലാണ്.ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല രാത്രിയാണ്.ടീമിന്റെ കൂട്ടായുള്ള പ്രകടനത്തിൽ ഞാൻ തൃപ്തനാണ്.മൊണോക്കോയെ പോലെയുള്ള ഒരു ടീമിനെതിരെ വിജയിക്കുക എന്നുള്ളത് ബുദ്ധിമുട്ടേറിയതാവുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. പക്ഷേ അത്‌ നേടി.ഒരു പുതിയ കിരീടം കൂടി ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നു. ബ്രെസ്റ്റിനെതിരെയുള്ള മത്സരത്തിന് ആത്മവിശ്വാസം പകരാൻ ഈ വിജയത്തിന് സാധിക്കും ” പോച്ചെട്ടിനോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *