2022ൽ റയലിനെ പറ്റിച്ചത് എന്തുകൊണ്ട്? എംബപ്പേ വ്യക്തമാക്കുന്നു!
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ ക്ലബ്ബിനോട് ഇപ്പോൾ ഗുഡ്ബൈ പറഞ്ഞിട്ടുണ്ട്. സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിലേക്കാണ് അദ്ദേഹം പോകുന്നത്. അധികം വൈകാതെ തന്നെ ഇക്കാര്യത്തിൽ ഒരു ഒഫീഷ്യൽ പ്രഖ്യാപനം ഉണ്ടാകും. ഫ്രീ ഏജന്റായി കൊണ്ടാണ് റയൽ മാഡ്രിഡ് താരത്തെ കൊണ്ടുവരുന്നത്. ക്ലബ്ബിന്റെ ഒരുപാട് വർഷത്തെ പരിശ്രമം ഇപ്പോഴാണ് ഫലം കാണുന്നത്.
2022ൽ എംബപ്പേ റയൽ മാഡ്രിഡിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അവസാന നിമിഷം അദ്ദേഹം തീരുമാനം മാറ്റി പിഎസ്ജിയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.രണ്ട് വർഷത്തേക്ക് അദ്ദേഹം കോൺട്രാക്ട് പുതുക്കി. ഇത് റയൽ മാഡ്രിഡ് എന്ന ക്ലബ്ബിനും ആരാധകർക്കും വളരെയധികം നിരാശ നൽകിയ ഒരു കാര്യമായിരുന്നു. ഏതായാലും അക്കാര്യത്തിൽ ഒരു വിശദീകരണം എംബപ്പേ നൽകിയിട്ടുണ്ട്.ആ വർഷം വേൾഡ് കപ്പ് നടക്കാൻ ഉണ്ടായതിനാലാണ് താൻ പിഎസ്ജിയിൽ തന്നെ തുടരാൻ തീരുമാനിച്ചതെന്ന് എംബപ്പേ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

“പിഎസ്ജിയിൽ തുടരുന്നതിനേക്കാൾ അപ്പുറത്തേക്ക് ചില കാര്യങ്ങൾ അവിടെ ഉണ്ടായിരുന്നു. ഖത്തർ വേൾഡ് കപ്പ് നടന്ന ഒരു വർഷമായിരുന്നു അത്. അതിനുപുറമേ മറ്റു പല കാര്യങ്ങളും അന്ന് എനിക്ക് ചുറ്റും ഉണ്ടായിരുന്നു.ഞാൻ എടുത്ത തീരുമാനം ബുദ്ധിമുട്ടുള്ളതായിരുന്നുവെങ്കിലും അത് മികച്ചതായിരുന്നു.അന്നത്തെ ആ തീരുമാനത്തിൽ എനിക്ക് യാതൊരുവിധ പശ്ചാത്താപവും ഇല്ല. തീർച്ചയായും നമ്മുടെ കരിയറിൽ ഇത്തരം ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ എടുക്കേണ്ടി വരും. ഞാൻ ഇപ്പോൾ പിഎസ്ജി എന്ന ക്ലബ്ബിന്റെ ചരിത്രത്തിലെ ടോപ്പ് സ്കോറർ ആണ്.ഇത്തരം കാര്യങ്ങളിലൂടെ ഓർക്കപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ അന്ന് എനിക്ക് അഭിമുഖീകരിക്കേണ്ടി വന്ന സാഹചര്യങ്ങൾ ആർക്കും ഉണ്ടാവരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു “ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.
അതായത് താരത്തെ സംബന്ധിച്ചിടത്തോളം ആ തീരുമാനം വളരെ ബുദ്ധിമുട്ടി കൊണ്ടാണ് അദ്ദേഹം എടുത്തിട്ടുള്ളത്. വേൾഡ് കപ്പ് വർഷമായതിനാലും മറ്റു പല കാരണങ്ങളാലുമാണ് അദ്ദേഹം കോൺട്രാക്ട് പുതുക്കിയത്. ഫ്രഞ്ച് പ്രസിഡണ്ടായ ഇമ്മാനുവൽ മക്രോൺ ഉൾപ്പെടെയുള്ളവർ അന്ന് ഈ വിഷയത്തിൽ ഇടപെട്ടിരുന്നു. 2022 വേൾഡ് കപ്പ് ഫൈനലിൽ എംബപ്പേ മികച്ച പ്രകടനം നടത്തിയെങ്കിലും ഫ്രാൻസ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.