സൗദി അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല,എംബപ്പേയെ വേണമെന്ന് ലീഗ് ചീഫ്!

സൂപ്പർ താരം കിലിയൻ എംബപ്പേയുടെ പിഎസ്ജിയുമായുള്ള കരാർ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് അവസാനിക്കുക. ഈ കരാർ അദ്ദേഹം പുതുക്കാൻ തയ്യാറായിട്ടില്ല. അദ്ദേഹം പിഎസ്ജി വിടുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ യാതൊരുവിധ വ്യക്തതകളും വന്നിട്ടില്ല. വരുന്ന ജനുവരി മാസം മുതൽ മറ്റേത് ക്ലബ്ബുമായും പ്രീ എഗ്രിമെന്റിൽ എത്താനുള്ള അവകാശം എംബപ്പേക്കുണ്ടാവും.

നിരവധി സൂപ്പർതാരങ്ങളെ സ്വന്തമാക്കാൻ സൗദി അറേബ്യക്ക് കഴിഞ്ഞിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ,നെയ്മർ,ബെൻസിമ എന്നിവരൊക്കെ ഇപ്പോൾ സൗദി ലീഗിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. സൗദിക്ക് കിലിയൻ എംബപ്പേയെ സ്വന്തമാക്കാനും താല്പര്യമുണ്ട്. ഇക്കാര്യം അവിടുത്തെ ഫുട്ബോൾ ചീഫ് എക്സിക്യൂട്ടീവ് ആയ മിഷേൽ എമിനാലോ തന്നെ തുറന്നുപറയുന്നുണ്ട്. പക്ഷേ എംബപ്പേയുടെ തീരുമാനം എന്താണെന്ന് അറിയേണ്ടതുണ്ടെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.എമിനാലോയുടെ വാക്കുകൾ ഇങ്ങനെയാണ്.

“എംബപ്പേയുടെ കാര്യത്തിൽ കോൺവർസേഷൻ ഓപ്പൺ ആണ്. അദ്ദേഹത്തെ കൊണ്ടുവരാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. പക്ഷേ അദ്ദേഹം എന്താണ് ആഗ്രഹിക്കുന്നത് എന്നത് ഞങ്ങൾക്ക് അറിയില്ല.എംബപ്പേക്ക് ഞങ്ങളുടെ പ്രോജക്ടിന്റെ ഭാഗമാവാൻ ആഗ്രഹമുണ്ടെങ്കിൽ ഒരിക്കലും ഞങ്ങൾ അത് നിരസിക്കില്ല.ഇപ്പോൾ വേണമെങ്കിലോ ഭാവിയിൽ വേണമെങ്കിലോ അദ്ദേഹത്തിന് ഇവിടേക്ക് വരാം. ഞാൻ ഇഷ്ടപ്പെടുന്ന ഒരു താരം കൂടിയാണ് എംബപ്പേ ” ഇതാണ് സൗദി ലീഗ് ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞിട്ടുള്ളത്.

കരിയറിന്റെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇപ്പോൾ എംബപ്പേ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്.അദ്ദേഹം ഇത്തരമൊരു സാഹചര്യത്തിൽ സൗദിയിലേക്ക് വരാനുള്ള സാധ്യതകൾ കുറവാണ്.പിഎസ്ജിയിൽ തുടരാൻ അദ്ദേഹം ഉദ്ദേശിക്കുന്നില്ലെങ്കിൽ റയൽ മാഡ്രിഡിലേക്ക് അദ്ദേഹം ചേക്കേറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏതായാലും അധികം വൈകാതെ തന്നെ തന്റെ ഭാവിയുടെ കാര്യത്തിൽ എംബപ്പേ തീരുമാനങ്ങൾ എടുത്തേക്കും.

Leave a Reply

Your email address will not be published. Required fields are marked *