സ്ലാട്ടനൊന്നും മറുപടിയില്ല : ലിയനാർഡോ!

ഈയിടെ ഇറ്റാലിയൻ മാധ്യമമായ കൊറയ്റ ഡെല്ലോ സ്പോർട്ടിന് സൂപ്പർ താരമായ സ്ലാട്ടൻ ഇബ്രഹിമോവിച്ച് ഒരു ഇന്റർവ്യൂ നൽകിയിരുന്നു. ഈയൊരു ഇന്റർവ്യൂവിൽ അദ്ദേഹം പിഎസ്ജിയുടെ സ്പോർട്സ് പോളിസിയെയും സ്പോർട്ടിങ് ഡയറക്ടറായ ലിയനാർഡോയെയും രൂക്ഷവിമർശനങ്ങൾക്ക് ഇരയാക്കിയിരുന്നു. സ്ലാട്ടന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

” പിഎസ്ജിയിൽ നാല്പതോളം താരങ്ങൾ ഉണ്ട്.പക്ഷേ അവർക്ക് ആർക്കും ക്ലബ് വിടാൻ ആഗ്രഹമില്ല. അവർക്ക് കളിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന രൂപേണയാണ് അവർ എല്ലാവരും ടീമിൽ നില കൊള്ളുന്നത്.പക്ഷേ ഞാൻ ഒരിക്കലും അതിന് ലിയനാർഡോയെ കുറ്റപ്പെടുത്തില്ല. പക്ഷേ എനിക്കും അദ്ദേഹത്തിനും ഇടയിൽ വിത്യാസങ്ങൾ ഉണ്ട്. ഞാനാണ് ആ സ്ഥാനത്ത് ഉണ്ടായിരുന്നതെങ്കിൽ എല്ലാവരും ഗ്രില്ലിനിടയിലായിരിക്കും.കാരണം പണം നൽകുന്നുണ്ടെങ്കിൽ അവർ പകരമായി മാക്സിമം നൽകാൻ നിർബന്ധിതരാണ്. അല്ലാത്തപക്ഷം അവർ ടീമിൽ തുടരാൻ അർഹരല്ല. ഞാൻ അവരോട് ആവശ്യപ്പെടുകയല്ല ചെയ്യുക,മറിച്ച് കല്പിക്കുകയാണ് ചെയ്യുക ” ഇതാണ് സ്ലാട്ടൻ പറഞ്ഞത്‌.

അതായത് ലിയനാർഡോയുടെ പിടിപ്പുകേട് കൊണ്ടാണ് പിഎസ്ജി താരങ്ങളും ടീമും മികച്ച പ്രകടനം കാഴ്ച്ച വെക്കാത്തത് എന്നാണ് സ്ലാട്ടൻ ആരോപിച്ചത്.എന്നാൽ സ്ലാട്ടനൊന്നും മറുപടി പറയാൻ താൻ ആഗ്രഹിക്കുന്നില്ല എന്നാണ് ലിയനാർഡോ അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ RMC സ്‌പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” സ്ലാട്ടന് മറുപടി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.മൗനമാണ് ഏറ്റവും നല്ല മറുപടി.ഞങ്ങൾ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ചവരാണ്.നിലവിൽ ലീഗ് വണ്ണിൽ 45 പോയിന്റാണ് ഞങ്ങൾക്കുള്ളത്.അതേസമയം രണ്ടാം സ്ഥാനത്തുള്ളത് മാഴ്സെക്ക് 32 പോയിന്റാണ് ” ഇതാണ് ലിയനാർഡോ ഇതേ കുറിച്ച് പറഞ്ഞത്.

പിഎസ്ജിക്ക് വേണ്ടി മുമ്പ് കളിച്ചിട്ടുള്ള താരമാണ് സ്ലാട്ടൻ.156 ഗോളുകൾ നേടിയ സ്ലാട്ടൻ ആയിരുന്നു അന്ന് പിഎസ്ജിയുടെ ടോപ് സ്‌കോറർ.

Leave a Reply

Your email address will not be published. Required fields are marked *