സൂപ്പർ താരത്തെ കൈവിടില്ല,ഉറച്ച തീരുമാനവുമായി പിഎസ്ജി!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു പിഎസ്ജി യുവ സൂപ്പർതാരമായ ഹ്യൂഗോ എകിറ്റിക്കെയെ സ്വന്തമാക്കിയത്. ലോൺ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇപ്പോൾ ഇവിടെ കളിച്ചുകൊണ്ടിരിക്കുന്നത്. മറ്റൊരു ഫ്രഞ്ച് ക്ലബ്ബായ റെയിംസിൽ നിന്നായിരുന്നു താരം പിഎസ്ജിയിൽ എത്തിയത്. എന്നാൽ ഈ സീസണിന് ശേഷം അദ്ദേഹത്തെ പിഎസ്ജി ഒഴിവാക്കും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു.

20 വയസ്സ് മാത്രം പ്രായമുള്ള താരം തന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങൾ പിഎസ്ജിയിൽ പുറത്തെടുത്തിരുന്നു.എന്നാൽ ക്ലബ്ബിൽ സ്ഥിര സാന്നിധ്യം ആവാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. സ്റ്റാർട്ടിങ് ഇലവനുകളിൽ ഇടം കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.മാത്രമല്ല കളിക്കാനുള്ള അവസരങ്ങൾ തന്നെ വളരെ കുറവായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ക്ലബ്ബ് വിടും എന്നായിരുന്നു വാർത്തകൾ.

പക്ഷെ പിഎസ്ജി ഇക്കാര്യം ഇപ്പോൾ നിഷേധിച്ചിട്ടുണ്ട്.പിഎസ്ജിയുടെ സ്പോർട്ടിംഗ് അഡ്വൈസറായ ലൂയിസ് കാമ്പോസ് തന്നെയാണ് ഇക്കാര്യം നിഷേധിച്ചത് എന്നാണ് ഗോൾ ഡോട്ട് കോം കണ്ടെത്തിയിട്ടുള്ളത്. അടുത്ത സീസണിലും അദ്ദേഹം പിഎസ്ജിയിൽ തന്നെ തുടരും എന്ന സൂചനകളാണ് ഇതിലൂടെ ലഭിക്കുന്നത്.അദ്ദേഹത്തെ സ്ഥിരമായി നിലനിർത്താൻ തന്നെയായിരിക്കും പിഎസ്ജി ഉദ്ദേശിക്കുന്നത്.

ക്ലബ്ബിന്റെ മുന്നേറ്റ നിരയിൽ വലിയ അഴിച്ചു പണികൾ നടത്താനുള്ള ഒരുക്കത്തിലാണ് നിലവിൽ പിഎസ്ജിയുള്ളത്. സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയറും ലയണൽ മെസ്സിയും ക്ലബ്ബ് വിടാനുള്ള സാധ്യതകളുണ്ട്. ഫ്രഞ്ച് സൂപ്പർ താരങ്ങളായ മാർക്കസ് തുറാം,കോലോ മുവാനി എന്നിവരെയാണ് പിഎസ്ജി മുന്നേറ്റനിരയിലേക്ക് ലക്ഷ്യം വെക്കുന്നത്.കൂടെ എംബപ്പേയും എകിറ്റിക്കെയും ഉണ്ടാവുമ്പോൾ ഒരു ഫ്രഞ്ച് മുന്നേറ്റ നിര തന്നെയാണ് പിഎസ്ജിയിൽ നമുക്ക് കാണാൻ സാധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *