സൂപ്പർ താരത്തെ എത്തിക്കാനായില്ല,പലരും ക്ലബ് വിട്ടത് ലോണിൽ,PSG യിൽ കാമ്പോസും ഹെൻറിക്കെയും തമ്മിൽ പ്രശ്നത്തിൽ!

ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയെ സംബന്ധിച്ചിടത്തോളം മികച്ച ഒരു ട്രാൻസ്ഫർ വിൻഡോ തന്നെയാണ് ഇപ്പോൾ കടന്നു പോയിട്ടുള്ളത്. ഒരുപാട് മികച്ച താരങ്ങളെ എത്തിക്കാൻ പിഎസ്ജിക്ക് കഴിഞ്ഞിരുന്നു. പ്രത്യേകിച്ച് മധ്യനിരയുടെ ശക്തി വർദ്ധിപ്പിക്കാൻ പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്.മാത്രമല്ല തങ്ങൾക്ക് ആവശ്യമില്ലാത്ത താരങ്ങളെ ഒഴിവാക്കാനും പിഎസ്ജിക്ക് സാധിച്ചു.

എന്നാൽ പിഎസ്ജി ഏറ്റവും കൂടുതൽ ലക്ഷ്യമിട്ടിരുന്ന മിലാൻ സ്ക്രിനിയറിനെ സ്വന്തമാക്കാൻ ക്ലബ്ബിന് കഴിഞ്ഞിരുന്നില്ല. മാത്രമല്ല സെന്റർ ബാക്ക് പൊസിഷനിലേക്ക് മറ്റൊരു താരത്തെ എത്തിക്കാനും ക്ലബ്ബിന് കഴിഞ്ഞില്ല. ഇതിൽ പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർക്ക് കടുത്ത എതിർപ്പുണ്ട്.

അതുമാത്രമല്ല ക്ലബ്ബിനകത്ത് തന്നെ ഇപ്പോൾ ചില പ്രശ്നങ്ങൾ പുകഞ്ഞു വരുന്നുണ്ട്.സ്പോർട്ടിങ് ഡയറക്ടർ ലൂയിസ് കാമ്പോസ് ആണെങ്കിലും ടീമിലെ താരങ്ങളെ ഒഴിവാക്കാനുള്ള ചുമതല മുൻ സ്പോട്ടിംഗ് ഡയറക്ടറായിരുന്ന ആന്റെറോ ഹെൻറിക്കെക്കായിരുന്നു.ഇവർ തമ്മിലാണ് ഇപ്പോൾ പ്രശ്നങ്ങൾ ഉടലെടുത്തിരിക്കുന്നത് എന്നാണ് പ്രമുഖ ഫ്രഞ്ച് മാധ്യമങ്ങളായ ലെ പാരീസിയൻ,ലെ എക്യുപെ എന്നിവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഒരുപാട് താരങ്ങളെ ഒഴിവാക്കാൻ ഹെൻറിക്കെക്ക് സാധിച്ചിരുന്നു. പക്ഷേ പല താരങ്ങളും ക്ലബ്ബ് വിട്ടത് ലോൺ അടിസ്ഥാനത്തിൽ മാത്രമാണ്. അതൊരു താൽക്കാലിക പരിഹാരം മാത്രമാണ് എന്നാണ് കാമ്പോസ് വാദിക്കുന്നത്. മാത്രമല്ല പലരുടെയും സാലറിയുടെ 50 ശതമാനം പിഎസ്ജി തന്നെയാണ് നൽകുന്നത്. താരങ്ങളുടെ വിൽപ്പനയിലൂടെ 150 മില്യൺ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ക്ലബ്ബിന് ആകെ 49 മില്യൺ മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്.മാത്രമല്ല ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നേരിടേണ്ട ബെൻഫിക്ക,യുവന്റസ് തുടങ്ങിയ എതിരാളികൾക്ക് പ്രധാനപ്പെട്ട താരങ്ങളെ പിഎസ്ജി കൈമാറുകയും ചെയ്തു.

ഈ കാരണങ്ങൾ കൊണ്ടൊക്കെയാണ് ഇപ്പോൾ കാമ്പോസിന് ഹെൻറിക്കെയോട് എതിർപ്പുള്ളത്. എന്നാൽ നിലവിലെ മാർക്കറ്റിന്റെ അവസ്ഥ ഇങ്ങനെയൊക്കെയാണ് എന്നാണ് വിശദീകരണമായി കൊണ്ട് ഹെൻറിക്കെ ക്ലബ്ബിന് നൽകിയിട്ടുള്ളത്. ഏതായാലും പിഎസ്ജിക്കകത്ത് കാമ്പോസും ഹെൻറിക്കെയും തമ്മിൽ ഒരു അധികാര വടംവലി നടക്കുന്നുണ്ട് എന്നുള്ളത് എല്ലാ ഫ്രഞ്ച് മാധ്യമങ്ങളും കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *