സൂപ്പർ താരങ്ങളല്ല,മറിച്ച് ഭാവി വാഗ്ദാനങ്ങൾ: PSGയുടെ പുതിയ ട്രാൻസ്ഫർ ബ്ലൂ പ്രിന്റ് ഇങ്ങനെ!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി ഒരുപിടി സൂപ്പർതാരങ്ങളെ സ്വന്തമാക്കിയത്. സൂപ്പർതാരം ലയണൽ മെസ്സിയെയും സെർജിയോ റാമോസിനെയും സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഇതിനുപുറമേ വൈനാൾഡം,ഡോണ്ണാരുമ,അഷ്‌റഫ് ഹക്കീമി എന്നിവരെയും പിഎസ്ജി തങ്ങളുടെ തട്ടകത്തിൽ എത്തിച്ചിട്ടുണ്ട്.
എന്നാൽ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ കാര്യങ്ങൾ മാറിമറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന പരിശീലകൻ പോച്ചെട്ടിനോയും സ്പോർട്ടിംഗ് ഡയറക്ടർ ലിയനാർഡോയും ഇപ്പോൾ ടീമിനൊപ്പമില്ല. മറിച്ച് പരിശീലകനായി കൊണ്ട് ക്രിസ്റ്റോഫ് ഗാൾട്ടിയറും സ്പോട്ടിംഗ് ഡയറക്ടറായി കൊണ്ട് ലൂയിസ് കാമ്പോസുമാണ് ടീമിനെ മുന്നോട്ടു നയിക്കുന്നത്.
മൊണാക്കോയിൽ ആയിരുന്ന സമയത്ത് തന്നെ യുവ പ്രതിഭകളെ കണ്ടെത്തി മുൻനിരയിലേക്ക് കൊണ്ടുവരുന്നതിൽ ലൂയിസ് കാമ്പോസ് തന്റെ മികവ് തെളിയിച്ചതാണ്. ഫാബിഞ്ഞോ,തോമസ് ലെമാർ,ആന്റണി മാർഷ്യൽ,ബെർണാഡോ സിൽവ എന്നിവരൊക്കെ അത്തരത്തിലുള്ള താരങ്ങളാണ്. ഇതേ രീതി തന്നെയാണ് കാമ്പോസ് പിഎസ്ജിയിലും നടപ്പിലാക്കുന്നത്. അതായത് കൂടുതൽ സൂപ്പർതാരങ്ങളെയല്ല, മറിച്ച് കൂടുതൽ ഭാവി വാഗ്ദാനങ്ങളെയാണ് കാമ്പോസ് ലക്ഷ്യമിടുന്നത്. ഇത്തവണത്തെ പിഎസ്ജിയുടെ ട്രാൻസ്ഫർ ബ്ലൂ പ്രിന്റും ഇതുതന്നെയാണ്.
— Murshid Ramankulam (@Mohamme71783726) July 20, 2022
യുവസൂപ്പർ താരം നുനോ മെന്റസിനെ ക്ലബ്ബിൽ സ്ഥിരപ്പെടുത്താൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഇതിന് പിന്നാലെ പോർച്ചുഗീസ് യുവ സൂപ്പർതാരമായ വീറ്റിഞ്ഞയെ സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. മാത്രമല്ല ഹ്യൂഗോ എകിറ്റികെയുമായും പിഎസ്ജി കരാറിൽ എത്തിയിട്ടുണ്ട്. ഇതുകൂടാതെ മറ്റൊരു യുവതാരമായ ഗോൺസാലോ റാമോസിനെയും പിഎസ്ജി പരിഗണിക്കുന്നുണ്ട്. ഇതിനുപുറമെ മറ്റു പല യുവതാരങ്ങളും പിഎസ്ജിയുടെ റഡാറിലുണ്ട്.
ചുരുക്കത്തിൽ ദീർഘകാലത്തേക്കുള്ള പദ്ധതിയാണ് ലൂയിസ് കാമ്പോസ് തയ്യാറാക്കുന്നത്. ഭാവിയിൽ അത് പിഎസ്ജിക്ക് ഗുണം ചെയ്യുമെന്നുള്ള കാര്യത്തിൽ സംശയമില്ല.