സൂപ്പർതാരത്തിന്റെ പരിക്ക് ഗുരുതരമാണോ? യുവന്റസിനെതിരെ കളിക്കുമോ? PSG കോച്ച് പറയുന്നു!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്കായിരുന്നു പിഎസ്ജി നാന്റസിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം കിലിയൻ എംബപ്പേ രണ്ട് ഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഗോൾ നുനോ മെന്റസായിരുന്നു സ്വന്തമാക്കിയിരുന്നത്. ലയണൽ മെസ്സി രണ്ട് അസിസ്റ്റുകൾ നേടിക്കൊണ്ട് മത്സരത്തിൽ മികച്ചു നിന്നു. നിലവിൽ ലീഗിൽ പിഎസ്ജി തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.

അതേസമയം ഈ മത്സരത്തിന്റെ 33ആം മിനുറ്റിൽ മധ്യനിരയിലെ പോർച്ചുഗീസ് സൂപ്പർതാരമായ വീറ്റിഞ്ഞക്ക് പരിക്കേറ്റിരുന്നു. തുടർന്ന് താരത്തെ പിൻവലിച്ചു കൊണ്ട് മറ്റൊരു പോർച്ചുഗീസ് താരമായ റെനാറ്റൊ സാഞ്ചസിനെ ഇറക്കുകയും ചെയ്തിരുന്നു.ഇപ്പോഴിതാ ഈ പരിക്കിന്റെ കൂടുതൽ വിശദാംശങ്ങൾ പരിശീലകൻ നൽകിയിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്നും എത്രയും പെട്ടെന്ന് പരിക്കിൽ നിന്നും മുക്തനാവാൻ അദ്ദേഹത്തെ സഹായിക്കുമെന്നുമാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“വീട്ടിഞ്ഞയുടെ കാൽമുട്ടിന് വലിയ രൂപത്തിൽ പ്രഹരം ഏറ്റിട്ടുണ്ട്. പക്ഷേ അവിടെ ടോർഷനോ ലിഗ്മെന്റ് റിസ്ക്കോ ഇല്ല.ഹെമാറ്റോമ ഉണ്ടോ എന്നുള്ളത് ഞങ്ങൾ പരിശോധിക്കും.യുവന്റസിനെതിരെയുള്ള മത്സരം ഇങ്ങ് തൊട്ടടുത്തെത്തിക്കഴിഞ്ഞു. അതിനു മുന്നേ പരിക്കിൽ നിന്നും മുക്തനാവാൻ ഞങ്ങൾ അദ്ദേഹത്തെ കഴിയുന്ന പോലെ സഹായിക്കും. എന്നിട്ട് അദ്ദേഹത്തിന് എങ്ങനെ അനുഭവപ്പെടുന്നു എന്നുള്ളത് നോക്കും. അദ്ദേഹം പരിക്കിൽ നിന്നും മുക്തനായിട്ടില്ലെങ്കിൽ മറ്റാരെങ്കിലും ആ മത്സരത്തിൽ കളിക്കും ” ഇതാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ ടീമിലേക്ക് എത്തിയ വീറ്റിഞ്ഞ ഇപ്പോൾ തന്നെ പിഎസ്ജിയുടെ പ്രധാന താരമായി മാറിക്കഴിഞ്ഞു.വീറ്റിഞ്ഞയെ കൂടാതെ ഫാബിയാൻ റൂയിസ്,കാർലോസ് സോളർ,റെനാറ്റോ സാഞ്ചസ് എന്നീ മിഡ്ഫീൽഡർമാരെയും പാരീസ് സെന്റ് ജർമയിൻ തങ്ങളുടെ ടീമിലേക്ക് എത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *