സിൽവയെ കിട്ടിയില്ല,PSG താരത്തെ എത്തിക്കാൻ ബാഴ്സ.

ഒരു വലിയ അഴിച്ചു പണിയാണ് ഇപ്പോൾ ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി നടത്തിക്കൊണ്ടിരിക്കുന്നത്. സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും സെർജിയോ റാമോസും ക്ലബ്ബ് വിട്ടു കഴിഞ്ഞു. മറ്റൊരു സൂപ്പർ താരമായ കിലിയൻ എംബപ്പേയോട് ഈ സമ്മറിൽ തന്നെ ക്ലബ്ബ് വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനൊക്കെ പുറമേ നെയ്മർ ജൂനിയറോടും മാർക്കോ വെറാറ്റിയോടും അവർ പുതിയ ക്ലബ്ബിനെ കണ്ടെത്താൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 10 വർഷക്കാലത്തോളം പിഎസ്ജിയുടെ മധ്യനിരയിലെ അവിഭാജ്യ ഘടകമായിരുന്നു വെറാറ്റി.എന്നാൽ ക്ലബ്ബിന്റെ കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടർന്ന് ആരാധകർ അദ്ദേഹത്തോട് ക്ലബ്ബ് വിട്ടുപോകാൻ ആവശ്യപ്പെട്ടിരുന്നു. നിലവിൽ ക്ലബ്ബ് വിടാൻ തന്നെയാണ് വെറാറ്റിയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ ഇറ്റാലിയൻ സൂപ്പർതാരത്തെ വലിയ രൂപത്തിൽ പരിഗണിക്കുന്നുണ്ട്. രണ്ട് ഓഫറുകൾ അദ്ദേഹത്തിന് വേണ്ടി അൽ ഹിലാൽ നൽകിയിരുന്നു.

പക്ഷേ അത് രണ്ടും നിരസിക്കുകയായിരുന്നു.ഇപ്പോഴും താരത്തിന് വേണ്ടി ഈ സൗദി ക്ലബ്ബ് ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ യൂറോപ്പിൽ തന്നെ തുടരാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.ചെൽസി,അത്ലറ്റിക്കോ മാഡ്രിഡ് എന്നിവർ ഈ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമേ മറ്റൊരു റൂമർ കൂടി ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് ബെർണാഡോ സിൽവക്ക് വേണ്ടി എഫ്സി ബാഴ്സലോണ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ അദ്ദേഹത്തെ വിട്ട് നൽകില്ല എന്ന് മാഞ്ചസ്റ്റർ സിറ്റി അറിയിച്ചതോടുകൂടി ബാഴ്സ വെറാറ്റിയിലേക്ക് തിരിഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന് ഓഫറുകൾ ഒന്നും നൽകിയിട്ടില്ലെങ്കിലും ബാഴ്സ സ്ഥിതിഗതികൾ ഇപ്പോൾ നിരീക്ഷിക്കുന്നുണ്ട്.

മുപ്പതുകാരനായ ഈ താരത്തിന് പിഎസ്ജിയുമായി മൂന്നുവർഷത്തെ കരാർ കൂടി അവശേഷിക്കുന്നുണ്ട്.പിഎസ്ജി എന്ന ക്ലബ്ബിനുവേണ്ടി 419 മത്സരങ്ങൾ കളിച്ച ഈ താരം 9 ലീഗ് വൺ കിരീടങ്ങൾ ക്ലബ്ബിനോടൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *