വേൾഡ് കപ്പിൽ സ്പാനിഷ് ടീമിലേക്ക് തിരിച്ചെത്തണം, കഠിന പരിശ്രമവുമായി റാമോസ്!
ഈ സീസണിൽ കളിച്ച നാല് മത്സരങ്ങളിലും മിന്നുന്ന വിജയം നേടാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഈ നാല് മത്സരങ്ങളിലും സൂപ്പർ താരം സെർജിയോ റാമോസ് പിഎസ്ജിയുടെ പ്രതിരോധനിരയിൽ ഇടം നേടിയിരുന്നു. വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള സ്പാനിഷ് ടീമിൽ ഇടം നേടാനുള്ള കഠിന പരിശ്രമങ്ങളിലാണ് നിലവിൽ സെർജിയോ റാമോസുള്ളത് പ്രമുഖ മാധ്യമമായ മാർക്ക കണ്ടെത്തിയിട്ടുള്ളത്.
കഴിഞ്ഞ രണ്ട് സീസണുകൾ റാമോസിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ ഒന്ന് തന്നെയായിരുന്നു. പരിക്കുകൾ മൂലം റയലിലും പിഎസ്ജിയിലുമായി വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമായിരുന്നു ഈ 36 കാരനായ ഡിഫൻഡർക്ക് കളിക്കാൻ സാധിച്ചിരുന്നത്.അതുകൊണ്ടുതന്നെ റാമോസ് സ്പെയിനിന്റെ ദേശീയ ടീമിൽ നിന്നും പുറത്താവുകയും ചെയ്തിരുന്നു.
2021 മാർച്ച് മാസത്തിലായിരുന്നു അവസാനമായി റാമോസ് സ്പെയിനിന് വേണ്ടി കളിച്ചിരുന്നത്. അതിനുശേഷം പരിശീലകൻ ലൂയിസ് എൻറിക്കെ താരത്തെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല.യുറോ കപ്പിനുള്ള ടീമിൽ നിന്നും റാമോസിനെ ഒഴിവാക്കിയതിനുള്ള വിശദീകരണം അദ്ദേഹം നൽകുകയും ചെയ്തിരുന്നു. മാത്രമല്ല റാമോസിനെ ഒഴിവാക്കിയത് കൊണ്ട് താൻ ആരോടും മാപ്പ് ചോദിക്കാൻ പോകുന്നില്ലെന്നും എൻറിക്കെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
🇪🇸 Sergio Ramos aimerait retrouver la Roja pour le Mondial.https://t.co/2x18kHabrU
— RMC Sport (@RMCsport) August 24, 2022
കഴിഞ്ഞ സീസണിൽ ആകെ 13 മത്സരങ്ങൾ മാത്രമായിരുന്നു റാമോസ് കളിച്ചിരുന്നത്. പക്ഷേ ഈ സീസണിൽ പിഎസ്ജിക് വേണ്ടി കൂടുതൽ മത്സരങ്ങൾ കളിച്ചുകൊണ്ട് സ്പെയിൻ ടീമിൽ തിരിച്ചെത്താൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് റാമോസ് ഉള്ളത്. അടുത്ത സെപ്റ്റംബറിൽ സ്വിറ്റ്സർലാന്റ്,പോർച്ചുഗൽ എന്നിവർക്കെതിരെ കളിക്കുന്നുണ്ട്. ആ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിലേക്ക് തിരിച്ചെത്തുക എന്നുള്ളതാണ് നിലവിൽ റാമോസിന്റെ ലക്ഷ്യം.
ഇതുവരെ 4 വേൾഡ് കപ്പുകളിൽ റാമോസ് കളിച്ചിട്ടുണ്ട്. 2010ലെ വേൾഡ് കപ്പ് കിരീടം അദ്ദേഹം നേടുകയും ചെയ്തിട്ടുണ്ട്. അഞ്ചാമത്തെ വേൾഡ് കപ്പ് കളിക്കുക എന്നുള്ളതാണ് നിലവിൽ റാമോസിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമായി കൊണ്ട് മാർക്ക ചൂണ്ടിക്കാണിക്കുന്നത്.