ലീഗ് വൺ പുനരാരംഭിക്കാൻ ആലോചന, മുന്നിലുള്ളത് ഈ രണ്ട് തിയ്യതികൾ
കൊറോണ വൈറസ് പ്രതിസന്ധി മൂലം നിർത്തിവെച്ച ലീഗ് വൺ എന്ന് പുനരാരംഭിക്കണമെന്ന കാര്യത്തിൽ അധികൃതർ ആലോചന തുടരുന്നു. നിലവിൽ രണ്ട് തിയ്യതികളാണ് അധികൃതർക്ക് മുൻപിലുള്ളത്. ജൂൺ മൂന്നാം തിയ്യതി, അതല്ലെങ്കിൽ ജൂൺ പതിനേഴാം തിയ്യതി എന്നീ ദിവസങ്ങളിൽ ഏതിലെങ്കിലും ഒന്നിൽ തുടങ്ങാനാണ് ലീഗ് ഡേ പ്രൊഫഷണൽ അധികൃതർ ആലോചിക്കുന്നത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ എൽ എക്വിപെയാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാൽ യുവേഫ ചാമ്പ്യൻസ് ലീഗും യുവേഫ യൂറോപ്പ ലീഗും എന്ന് നടത്തണമെന്ന് യുവേഫ തീരുമാനിക്കുന്നതിനനുസരിച്ച് മാത്രമേ ഇവർ തിയ്യതികൾ സ്ഥിരീകരിക്കുകയൊള്ളൂ.
ഓഗസ്റ്റിന് മുൻപായോ അതല്ലെങ്കിൽ ഓഗസ്റ്റിൽ തുടക്കത്തിലോ ആയി ലീഗുകൾ തീർക്കാനാണ് യുവേഫ താല്പര്യപ്പെടുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധി ഇപ്പോഴും ഗുരുതരമാണ് എന്നതാണ് ഇവകൾക്കൊക്കെ തടസ്സം സൃഷ്ടിക്കുന്നത്. ജൂൺ പതിനേഴിന് ആരംഭിക്കുക എന്ന ഓപ്‌ഷനാണ് അധികൃതർ തിരഞ്ഞെടുക്കാൻ സാധ്യത. എന്തെന്നാൽ താരങ്ങൾക്ക് കൂടുതൽ ഐസൊലേഷൻ ലഭിക്കുമെന്നാണ് കണക്കുക്കൂട്ടലുകൾ. ജൂലൈ 25-ഓടെ തീർക്കാനാവുമെന്നാണ് ഇവർ കരുതുന്നത്. ഇത് കൂടാതെ കോപ ഡി ഫ്രാൻസും കോപ ഡി ലാ ലിഗേയും ബാക്കിയുണ്ട്. അത്കൊണ്ട് തന്നെ ഓരോ മൂന്ന് ദിവസം ഇടവിട്ട് ഓരോ ടീമുകളും കളിക്കേണ്ടി വന്നേക്കും. ഇതെല്ലാം തന്നെ താരങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അധികൃതർ ഭയപ്പെടുന്നുണ്ട്.