ലീഗ് വൺ ഇപ്പോഴും കണ്ടം ലീഗാണ് : കാരണസഹിതം മുൻ ഇംഗ്ലീഷ് താരം വിശദീകരിക്കുന്നു!

പലപ്പോഴും ഫ്രഞ്ച് ലീഗിന് ഫുട്ബോൾ ലോകത്ത് നിന്ന് പരിഹാസങ്ങളും വിമർശനങ്ങളും ഏൽക്കേണ്ടി വരാറുണ്ട്. ഫാർമേഴ്സ് ലീഗ് എന്നാണ് വിമർശകർ ഫ്രഞ്ച് ലീഗിനെ വിശേഷിപ്പിക്കാറുള്ളത്. എന്നാൽ സമീപകാലത്ത് നിരവധി സൂപ്പർ താരങ്ങൾ പിഎസ്ജിയിൽ എത്തിയത് ലീഗ് വണ്ണിനെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്ന ഒരു കാര്യമായിരുന്നു.

എന്നാൽ മുൻ ഇംഗ്ലീഷ് താരവും ഫുട്ബോൾ നിരീക്ഷകനുമായ ഗബ്രിയേൽ അഗ്ബൻലഹോറിന്റെ അഭിപ്രായത്തിൽ ഇപ്പോഴും ഫ്രഞ്ച് ലീഗ് ഫാർമേഴ്സ് ലീഗാണ്. ഇതിനുള്ള ഒരു കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ടോക്ക് സ്പോർട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്നെ സംബന്ധിച്ചിടത്തോളം ഫ്രഞ്ച് ലീഗ് ഇപ്പോഴും ഫാർമേഴ്സ് ലീഗ് തന്നെയാണ്. എന്തെന്നാൽ അവിടെ ഉണ്ടാവുന്ന മികച്ച താരങ്ങൾ ആ ലീഗ് വിട്ട് പുറത്തു പോവുകയാണ് ചെയ്യുന്നത്.പിഎസ്ജിയിലേ സൂപ്പർതാരങ്ങൾ അവിടെ നിൽക്കുന്നത് അവർക്ക് വലിയ തോതിൽ പണം ലഭിച്ചിട്ടാണ്. അത് ലഭിക്കാതായാൽ അവരും ലീഗ് വിടും. ഫ്രഞ്ച് ലീഗ് ക്ലബ്ബായ മാഴ്സെ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും അവസാനത്തിലാണ് ഫിനിഷ് ചെയ്തത്.യൂറോപ ലീഗിലേക്ക് പോലും യോഗ്യത നേടാൻ അവർക്ക് സാധിച്ചിട്ടില്ല.പിഎസ്ജി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.അവർക്ക് ഇപ്പോഴും യൂറോപ്പിൽ ആധിപത്യം പുലർത്താൻ കഴിഞ്ഞിട്ടില്ല. ഇതുകൊണ്ടൊക്കെ തന്നെയാണ് അവർ ഫാർമേഴ്സ് ലീഗ് ആയി കൊണ്ട് തുടരുന്നത് ” ഇതാണ് അഗ്ബൻലഹോർ പറഞ്ഞിട്ടുള്ളത്.

ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഒരൊറ്റ ചാമ്പ്യൻസ് ലീഗ് കിരീടം പോലും നേടാൻ കഴിയാത്ത ടീമാണ് പിഎസ്ജി. ചാമ്പ്യൻസ് ലീഗ് കിരീടം നേടിയാൽ ഒരു പരിധിവരെ ഈ ദുഷ്പേരിന് തടയിടാൻ അവർക്ക് സാധിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *