റാമോസിനെ സൈൻ ചെയ്തത് അബദ്ധമായി : തുറന്ന് സമ്മതിച്ച് പിഎസ്ജി സ്പോർട്ടിങ് ഡയറക്റ്റർ!
ഈ സീസണിലായിരുന്നു സ്പാനിഷ് സൂപ്പർ താരമായ സെർജിയോ റാമോസ് റയൽ മാഡ്രിഡ് വിട്ടുകൊണ്ട് പിഎസ്ജിയിലേക്ക് എത്തിയത്.പരിക്ക് മൂലം കഴിഞ്ഞ സീസണിൽ തന്നെ വളരെ കുറച്ചു മത്സരങ്ങൾ മാത്രമേ റാമോസിന് കളിക്കാൻ സാധിച്ചിരുന്നുള്ളൂ.പിഎസ്ജിക്ക് വേണ്ടിയും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല. പരിക്ക് മൂലം ഭൂരിഭാഗം മത്സരങ്ങളും താരത്തിന് നഷ്ടമാവുകയായിരുന്നു.
ഇപ്പോഴിതാ സെർജിയോ റാമോസിനെ സൈൻ ചെയ്തത് ഒരു അബദ്ധമായിരുന്നു എന്നുള്ള കാര്യം പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്റ്ററായ ലിയനാർഡോ തുറന്നു സമ്മതിച്ചിട്ടുണ്ട്.താൻ വരുത്തിവെച്ച അബദ്ധങ്ങളുടെ ഉത്തരവാദിത്വം താനേറ്റെടുക്കുന്നുവെന്നും ലിയനാർഡോ പറഞ്ഞിട്ടുണ്ട്.കഴിഞ്ഞ ദിവസം ലെ എക്യുപെയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലിയനാർഡോയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) March 4, 2022
” ഞങ്ങൾ അദ്ദേഹത്തെ സൈൻ ചെയ്യുന്ന സമയത്ത് ഫിസിക്കലി അദ്ദേഹത്തിന് കുഴപ്പങ്ങളൊന്നുമില്ലായിരുന്നു.പക്ഷേ കേവലം അഞ്ച് മത്സരങ്ങൾ മാത്രമാണ് അദ്ദേഹത്തിന് കളിക്കാൻ സാധിച്ചത്. നിർഭാഗ്യവശാൽ ക്ലബ്ബ് അദ്ദേഹത്തിന്റെ കാര്യത്തിൽ എന്താണോ സങ്കൽപ്പിച്ചത് അത് സംഭവിച്ചില്ല.അദ്ദേഹത്തിനും എല്ലാവർക്കും ഇതൊരു ബുദ്ധിമുട്ടേറിയ കാര്യമാണ്.ഒരു ലീഡർ എന്ന നിലയിൽ കളിക്കാതിരിക്കുക എന്നുള്ളത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ട് തന്നെയാണ്. അദ്ദേഹത്തിന്റെ കാര്യത്തിൽ ഞങ്ങൾ കാത്തിരിക്കും.ഈ സീസൺ അവസാനിച്ചിട്ടില്ലല്ലോ. പക്ഷേ ഞാൻ വരുത്തിവെച്ച അബദ്ധങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ എനിക്ക് പേടിയില്ല.നാസർ അൽ ഖലീഫി എനിക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. അതിന് ഞാൻ നന്ദി പറയുന്നു ” ഇതാണ് ലിയനാർഡോ പറഞ്ഞത്.
കേവലം അഞ്ച് മത്സരങ്ങൾ മാത്രമാണ് ഈ സീസണിൽ ഇത് വരെ പിഎസ്ജിക്ക് വേണ്ടി റാമോസിന് കളിക്കാൻ സാധിച്ചിട്ടുള്ളത്.റെയിംസിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം പിഎസ്ജിക്ക് വേണ്ടി ഗോൾ നേടുകയും ചെയ്തിരുന്നു.