റയൽ വിട്ടതിൽ റാമോസ് ദുഃഖിക്കുന്നു : റിപ്പോർട്ട്
2020-ലെ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു പിഎസ്ജിയുടെ പ്രതിരോധ നിരയിലെ കുന്തമുനയായിരുന്ന തിയാഗോ സിൽവ ക്ലബ് വിട്ടിരുന്നത്. ആസ്ഥാനത്തേക്കായിരുന്നു ഈ സീസണിൽ റയൽ മാഡ്രിഡിന്റെ സൂപ്പർതാരമായ സെർജിയോ റാമോസിനെ പിഎസ്ജി സ്വന്തമാക്കിയത്.ഫ്രീ ഏജന്റായി കൊണ്ടായിരുന്നു റാമോസ് പിഎസ്ജിയിൽ എത്തിയത്.റയൽ രണ്ട് വർഷത്തെ കരാർ അനുവദിക്കാത്തതിനാലായിരുന്നു റാമോസ് ക്ലബ് വിട്ടത്.
എന്നാൽ കാര്യങ്ങൾ ഉദ്ദേശിച്ച രൂപത്തിലല്ല പിഎസ്ജിയിൽ നടന്നത്. പരിക്ക് നിരന്തരമായി റാമോസിനെ വേട്ടയാടുകയായിരുന്നു.ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി കേവലം അഞ്ച് മത്സരങ്ങൾ മാത്രമാണ് റാമോസ് കളിച്ചത്. ബാക്കിയുള്ള മത്സരങ്ങളെല്ലാം തന്നെ പരിക്ക് മൂലം റാമോസിന് നഷ്ടമാവുകയായിരുന്നു.റാമോസിന്റെ സൈനിങ് ഇതുവരെ പിഎസ്ജിക്ക് യാതൊരുവിധ തരത്തിലും ഗുണം ചെയ്തില്ല എന്നുവേണം പറയാൻ.
‘Absolutely’ – Spanish Journalists Are Convinced Sergio Ramos Regrets Leaving Real Madrid for PSG https://t.co/oSgfSitrl5
— PSG Talk (@PSGTalk) March 16, 2022
അതേസമയം റാമോസ് റയൽ വിട്ടതിൽ ഖേദിക്കുന്നുണ്ട് എന്ന കണ്ടത്തലുമായി രംഗത്തുവന്നിരിക്കുകയാണിപ്പോൾ ചില സ്പാനിഷ് ജേണലിസ്റ്റുകൾ.തീർച്ചയായും റാമോസ് റയൽ വിട്ടതിൽ ദുഃഖിതനാണ് എന്നാണ് മാധ്യമപ്രവർത്തകനായ അന്റോണിയോ റൊമേറോ പറഞ്ഞത്.റാമോസിന്റെ ചില പരിക്കുകൾ ക്ലബ്ബ് വിട്ടതിലുള്ള മാനസിക സമ്മർദ്ദത്തിൽ നിന്നും വന്നതാണ് എന്നാണ് മറ്റൊരു മാധ്യമപ്രവർത്തകനായ ജൂലിയൊ പുലിഡോ പറഞ്ഞത്.
എന്നാൽ റയലിൽ കഴിഞ്ഞ സീസണിലും സമാന അവസ്ഥ തന്നെയായിരുന്നു റാമോസിന് ഉണ്ടായിരുന്നത്. പരിക്കുമൂലം വളരെ കുറഞ്ഞ മത്സരങ്ങളായിരുന്നു റയലിന് വേണ്ടി കഴിഞ്ഞ സീസണിൽ റാമോസിന് കളിക്കാൻ സാധിച്ചിട്ടുള്ളത്.ഏതായാലും ഇനി ഒരു വർഷം കൂടി റാമോസിന് പിഎസ്ജിയുമായി കരാർ അവശേഷിക്കുന്നുണ്ട്. എന്നാൽ വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ തന്നെ പിഎസ്ജി താരത്തെ ഒഴിവാക്കുമെന്നുള്ള അഭ്യൂഹങ്ങൾ സജീവമാണ്.