റയൽ നോട്ടമിട്ട താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് പൊക്കി!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ രണ്ട് സൈനിങ്ങുകൾക്കാണ് പ്രധാനമായും റയൽ മാഡ്രിഡ് മുൻഗണന നൽകിയിരുന്നത്. ഒരാൾ കിലിയൻ എംബപ്പേയാണ്. അദ്ദേഹത്തെ ഫ്രീ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡ് സ്വന്തമാക്കി കഴിഞ്ഞു.മറ്റൊരു താരം ലെനി യോറോയാണ്. സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന ഈ താരം ഫ്രഞ്ച് ക്ലബ്ബായ ലില്ലിക്ക് വേണ്ടി കളിക്കുന്ന താരമാണ്.
കേവലം 18 വയസ്സുള്ള ഈ താരത്തിന് വേണ്ടി റയൽ മാഡ്രിഡ് ശ്രമങ്ങൾ നടത്തിയിരുന്നു.ലില്ലിയുമായി ഒരു വർഷത്തെ കരാറാണ് താരത്തിന് അവശേഷിക്കുന്നത്. അദ്ദേഹത്തിന് റയൽ മാഡ്രിഡിലേക്ക് പോകാനായിരുന്നു താല്പര്യം. പക്ഷേ ചെറിയ തുകയായിരുന്നു റയൽ മാഡ്രിഡ് അദ്ദേഹത്തിന് വേണ്ടി ലില്ലിക്ക് ഓഫർ ചെയ്തിരുന്നത്. ഇത് സ്വീകരിക്കാൻ ഫ്രഞ്ച് ക്ലബ് തയ്യാറായിരുന്നില്ല.
ഈ സമയത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് 60 മില്യൺ യൂറോയുടെ ഓഫർ കൊണ്ടുവരുന്നത്.ഇത് ലില്ലി സ്വീകരിച്ചു എന്നുള്ളത് മാത്രമല്ല താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകാൻ പ്രേരിപ്പിക്കുകയും ചെയ്തു. തുടർന്ന് റയൽ മാഡ്രിഡിനെ വേണ്ടെന്നുവച്ച് യോറോ മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്ക് പോവുകയായിരുന്നു.ഡീൽ പൂർത്തിയായി എന്നുള്ള കാര്യം ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്.
മികച്ച ഒരു താരത്തെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചിരിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല. താരത്തെ നഷ്ടമായതോടെ റയൽ മാഡ്രിഡ് സെന്റർ പൊസിഷനിലേക്ക് മറ്റു താരങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. നേരത്തെ ബോലോഗ്ന സ്ട്രൈക്കർ ആയ ജോഷുവ സിർക്സിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയിരുന്നു. ഇതിനോടകം തന്നെ രണ്ട് മികച്ച സൈനിങ്ങുകളാണ് അവർ പൂർത്തിയാക്കിയിട്ടുള്ളത്.