റയലിലേക്ക് പോവേണ്ട, സൗദിയിലേക്ക് പോകൂ, അതാണ് നല്ലത്:എംബപ്പേക്ക് ഫ്രഞ്ച് ഇതിഹാസത്തിന്റെ ഉപദേശം!

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ ക്ലബ്ബ് വിടാനുള്ള തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഈ സീസണിന് ശേഷം ഫ്രീ ഏജന്റായി കൊണ്ട് റയൽ മാഡ്രിഡിലേക്ക് അദ്ദേഹം പോകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അധികം വൈകാതെ തന്നെ ഇക്കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനം ഉണ്ടായേക്കും. മറ്റു പല ക്ലബ്ബുകൾക്കും അദ്ദേഹത്തിൽ താൽപര്യമുണ്ടെങ്കിലും എംബപ്പേ റയലിനെയാണ് ഇഷ്ടപ്പെടുന്നത്.

നേരത്തെ സൗദി അറേബ്യ ഒരു വമ്പൻ ഓഫർ കിലിയൻ എംബപ്പേക്ക് നൽകിയിരുന്നു.എന്നാൽ അത് അദ്ദേഹം സ്വീകരിച്ചിരുന്നില്ല. ഇക്കാര്യത്തിൽ ഫ്രഞ്ച് ഇതിഹാസമായ മാർസൽ ഡിസൈലി എംബപ്പേക്ക് ഒരു ഉപദേശം നൽകിയിട്ടുണ്ട്. റയൽ മാഡ്രിഡിലേക്ക് പോകരുതെന്നും പകരം സൗദിയിലേക്ക് പോകണം എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഇങ്ങനെ പറയാനുള്ള കാരണവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.മുൻ ഫ്രഞ്ച് താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മറ്റൊരു ഭൂഖണ്ഡത്തിലേക്ക് പോകാനാണ് ഞാൻ അദ്ദേഹത്തോട് പറയുന്നത്. റയൽ മാഡ്രിഡ് അദ്ദേഹത്തിന് അനുയോജ്യമായ ഒരു സ്ഥലമല്ല. അവിടെ വിനീഷ്യസും ബെല്ലിങ്ങ്ഹാമും ഉൾപ്പെടെയുള്ള ഒരുപാട് സൂപ്പർതാരങ്ങൾ ഉണ്ട്. അതുകൊണ്ടുതന്നെ എംബപ്പേക്ക് എതിരാളികൾ ഇല്ലാത്ത ഒരു ലീഡറായി മാറാൻ അവിടെ കഴിയില്ല. അത്തരത്തിലുള്ള ഒരു ലീഡറായി മാറാനാണ് എംബപ്പേ ആഗ്രഹിക്കുന്നത്. ഒരു വലിയ സൂപ്പർസ്റ്റാറാവാനാണ് അദ്ദേഹത്തിന്റെ ശ്രമം.ടെക്നിക്കിലെ പറയുകയാണെങ്കിൽ,നിങ്ങൾ ഫുട്ബോളിനെ ബിസിനസ് എന്ന രീതിയിൽ സമീപിക്കുകയാണെങ്കിൽ അദ്ദേഹത്തിന് നല്ലത് സൗദി അറേബ്യയിലേക്ക് പോകുന്നതാണ്. കാരണം 350 മില്യൺ യുറോയാണ് നിങ്ങൾക്ക് ലഭിക്കുന്നത്. അത് സ്വന്തമാക്കി അടുത്ത വർഷം നിങ്ങൾക്ക് തിരികെ വരാം. എന്നിട്ട് 2026 ലെ വേൾഡ് കപ്പിന് വേണ്ടി ഒരുങ്ങാം.അതാണ് അദ്ദേഹത്തിന്റെ മുന്നിലുള്ള നല്ല ഓപ്ഷൻ.ഒരു വർഷം യൂറോപ്യൻ ഫുട്ബോൾ അവസാനിപ്പിച്ചുകൊണ്ട് സൗദിയിൽ പോയി കളിക്കുക. എന്നാൽ അദ്ദേഹത്തിന് പണം വാരാം.മാത്രമല്ല സൗദി ഇപ്പോൾ ഫുട്ബോളിന് വളരെയധികം പ്രമോട്ട് ചെയ്യുന്നുണ്ട്.അവരുടെ ലീഗിന്റെ നിലവാരം വർധിക്കുകയും ചെയ്തിട്ടുണ്ട്. ഫുട്ബോൾ കളിച്ചുകൊണ്ട് ബിസിനസ് ചെയ്യാനുള്ള ഒരു സുവർണ്ണാവസരമാണ് എംബപ്പേക്ക് സൗദി ഓഫറിലൂടെ വന്നിട്ടുള്ളത് ” ഇതാണ് 1998ലെ വേൾഡ് കപ്പ് ജേതാവ് കൂടിയായ മാർസൽ പറഞ്ഞിട്ടുള്ളത്.

അതായത് ഫുട്ബോളും കളിക്കാം,ഒരുപാട് പണവും സമ്പാദിക്കാം. അതിനുവേണ്ടി എംബപ്പേ സൗദിയിലേക്ക് പോകണം എന്നാണ് ഇദ്ദേഹം നിർദ്ദേശിച്ചിട്ടുള്ളത്. ഒന്നോ രണ്ടോ വർഷങ്ങൾ മാത്രം അവിടെ ചിലവഴിക്കുക. പിന്നീട് യൂറോപ്പ്യൻ ഫുട്ബോളിലേക്ക് തിരികെ വരിക. ഇങ്ങനെ പ്രവർത്തിച്ചാൽ ഫുട്ബോളിൽ ഒരു നഷ്ടവും വരില്ലെന്നും സാമ്പത്തികപരമായി ഒരുപാട് ലാഭമുണ്ടാക്കാം എന്നുമാണ് ഇദ്ദേഹം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *