രണ്ട് പാനീയങ്ങൾ നിരോധിച്ചു,PSG യിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു!

പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയറും സ്പോർട്ടിംഗ് ഡയറക്ടറായ ലൂയിസ് കാമ്പോസും ടീമിനെ അടിമുടി മാറ്റുന്ന ശ്രമങ്ങളിലാണ്. നിരവധി സൂപ്പർതാരങ്ങൾ ഉണ്ടായിട്ടും കഴിഞ്ഞ സീസണിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പിഎസ്ജിക്ക് കഴിഞ്ഞിരുന്നില്ല. ആ വിമർശനങ്ങൾക്ക് അറുതി വരുത്താനാണ് ഇപ്പോൾ ഇവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇതിന്റെ ഭാഗമായി കൊണ്ട് ലൂയിസ് കാമ്പോസ് ടീമിൽ ഒരു പോഷകാഹാര വിദഗ്ധനെ പുതുതായി നിയമിച്ചിട്ടുണ്ട്. താരങ്ങളുടെ ഭക്ഷണകാര്യങ്ങളിലും ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുക എന്നുള്ളതാണ് ഇദ്ദേഹത്തിന്റെ ചുമതല. ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഇപ്പോൾ കൂടുതൽ നിയന്ത്രണങ്ങൾ ക്ലബ്ബ് നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്.

അതായത് ശീതള പാനീയമായ കൊക്കൊ-കോള, അതുപോലെതന്നെ ഐസ് ടീ എന്നിവ കുടിക്കുന്നതിൽ നിന്നും പിഎസ്ജി ഇപ്പോൾ താരങ്ങളെ വിലക്കിയിട്ടുണ്ട്.യൂറോപ്പിലെ പല ക്ലബ്ബുകളും നിരോധിച്ച ഒന്നാണ് കൊക്കോ കോള.പക്ഷെ ഇതുവരെ കോളക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല.

നിലവിൽ ബ്രേക്ക് ഫാസ്റ്റ്, ലഞ്ച് എന്നിവയാണ് ക്ലബ്ബിനോടൊപ്പം താരങ്ങൾ കഴിക്കുന്നത്. ഇതിൽ നിന്നും കൂടുതൽ മധുരമുള്ള പാനീയങ്ങൾ നേരത്തെ ഒഴിവാക്കിയിരുന്നു. മാത്രമല്ല ഈ സമയത്ത് മൊബൈൽ ഉപയോഗിക്കുന്നതിനും പിഎസ്ജി നിയന്ത്രണം വരുത്തിയിട്ടുണ്ട്. എന്നാൽ ഫുട്ബോൾ മത്സരങ്ങൾ കാണുന്നതിൽ നിന്ന് അടിയന്തരമായ കോളുകൾ എടുക്കുന്നതിൽ നിന്നോ താരങ്ങളെ വിലക്കിയിട്ടില്ല എന്നുള്ളതും പരിശീലകനായ ഗാൾട്ടിയർ നേരത്തെ അറിയിച്ചിരുന്നു.

ചുരുക്കത്തിൽ പിഎസ്ജി ഇത്തവണ രണ്ടും കൽപ്പിച്ചാണ്. ക്ലബ്ബിനുള്ളിൽ കൂടുതൽ പ്രൊഫഷണലിസം നടപ്പിലാക്കാനാണ് ഇപ്പോൾ പിഎസ്ജിയുടെ ശ്രമങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *