മെസ്സിയെ പ്ലേ മേക്കറായി ഉപയോഗിക്കും : PSGക്ക് പുതിയ ടാക്ടിക്കൽ പ്ലാനുമായി ഗാൾട്ടിയർ!

ഒരുപിടി സൂപ്പർതാരങ്ങൾ ഉണ്ടായിട്ടും കഴിഞ്ഞ സീസണിൽ പ്രതീക്ഷിച്ച രൂപത്തിലുള്ള നേട്ടങ്ങൾ കരസ്ഥമാക്കാൻ വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോക്ക് തന്റെ സ്ഥാനം നഷ്ടമായിരുന്നു. പുതിയ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ താരസമ്പന്നമായ പിഎസ്ജിയെ ഫലപ്രദമായി ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ്.

ഗാൾറ്റിയർ പ്രഥമ പരിഗണന നൽകുന്നത് മെസ്സി,നെയ്മർ,എംബപ്പേ എന്നീ മൂന്ന് താരങ്ങളെ നല്ല രൂപത്തിൽ ഉപയോഗിക്കുന്നതിനാണ്. കഴിഞ്ഞ സീസണിൽ എംബപ്പേക്ക് മാത്രമാണ് പ്രതീക്ഷിച്ച രൂപത്തിൽ തിളങ്ങാൻ കഴിഞ്ഞിട്ടുള്ളത്. നെയ്മറും മെസ്സിയും നിരാശപ്പെടുത്തുകയായിരുന്നു.

അടുത്ത സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.നിലവിൽ ഗാൾട്ടിയർ കണ്ടുവെച്ചിരിക്കുന്ന ഒരു ഫോർമേഷൻ പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപേ പുറത്ത് വിട്ടിട്ടുണ്ട്.3-4-1-2 എന്ന ഫോർമേഷനായിരിക്കും ഗാൾട്ടിയർ ഉപയോഗിക്കുക. സൂപ്പർ താരം ലയണൽ മെസ്സിയെ അറ്റാക്കിങ് മിഡ്ഫീൽഡർ റോളിൽ, അഥവാ പ്ലേ മേക്കർ രൂപത്തിൽ ഉപയോഗിക്കാനാണ് ഇദ്ദേഹത്തിന്റെ പദ്ധതി. അങ്ങനെയാണെങ്കിൽ മെസ്സിയിൽ നിന്നും കൂടുതൽ മികവുറ്റ പ്രകടനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മെസ്സിക്ക് മുന്നിൽ സ്ട്രൈക്കർമാരായി കൊണ്ടായിരിക്കും എംബപ്പേയും നെയ്മറും കളിക്കുക. മെസ്സി ഒരുക്കുന്ന അവസരങ്ങൾ ഇരുവരും മുതലെടുക്കുമെന്നാണ് ഗാൾട്ടിയറുടെ കണക്കുകൂട്ടലുകൾ. സെന്റർ ബാക്കുമാരായിക്കൊണ്ട് മൂന്ന് താരങ്ങളെ ഇദ്ദേഹം നിയോഗിച്ചേക്കും. എന്നിട്ട് രണ്ട് വിങ് ബാക്കുമാരെ ഒരല്പം മുന്നിലായിട്ടായിരിക്കും ഇദ്ദേഹം നിയോഗിക്കുക എന്നുള്ളതാണ് ലെ എക്യുപേ കണ്ടെത്തിയിരിക്കുന്നത്.

ഏതായാലും നിലവിൽ പിഎസ്ജി പ്രീ സീസൺ സൗഹൃദമത്സരങ്ങൾ കളിക്കുകയാണ്.ഗാൾട്ടിയർക്ക് കീഴിൽ മികച്ച ഒരു തുടക്കം തന്നെ ലഭിക്കുമെന്നാണ് പിഎസ്ജി ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *