മെസ്സിയെ പിൻവലിക്കുന്ന ഗാൾട്ടിയർക്കെതിരെ തിരിഞ്ഞ് അർജന്റൈൻ താരം!

സൂപ്പർ താരം ലയണൽ മെസ്സിയെ കളിക്കളത്തിൽ നിന്നും പിൻവലിക്കുന്നത് അദ്ദേഹത്തിന്റെ ആരാധകർക്ക് അപൂർവ്വമായ ഒരു കാഴ്ച്ചയാണ്. വല്ലപ്പോഴും മാത്രമേ ലയണൽ മെസ്സിയെ പരിശീലകർ കളിക്കളത്തിൽ നിന്നും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാറുള്ളൂ. എന്നാൽ ഗാൾട്ടിയർ അങ്ങനെയല്ല. കഴിഞ്ഞ മൊണാക്കോക്കെതിരെയുള്ള മത്സരത്തിലും യുവന്റസിനെതിരെയുള്ള മത്സരത്തിലും പരിശീലകൻ മെസ്സിയെ പിൻവലിച്ചിരുന്നു.

യുവേഫ ചാമ്പ്യൻസ് ലീഗിൽ 8 വർഷത്തിനുശേഷം ഇതാദ്യമായാണ് ലയണൽ മെസ്സി സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ ഗാൾട്ടിയറുടെ ഈ പ്രവർത്തിയിൽ ആരാധകർക്ക് അതൃപ്തിയുണ്ട്. മാത്രമല്ല ബ്രയിറ്റണിന്റെ അർജന്റൈൻ സൂപ്പർതാരമായ അലെക്സിസ് മാക്ക് ആല്ലിസ്റ്ററും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.ഗാൾട്ടിയർ മെസ്സിയെ പിൻവലിക്കുന്നത് അവസാനിപ്പിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നാണ് ആല്ലിസ്റ്റർ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം ESPN അർജന്റീനയോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” തീർച്ചയായും ലയണൽ മെസ്സി കളത്തിൽ ഉണ്ടായിരിക്കുന്നതിനെ എല്ലാവരും ഇഷ്ടപ്പെടുന്നതുപോലെ ഞാനും ഇഷ്ടപ്പെടുന്നു. അദ്ദേഹത്തെ പിൻവലിക്കുമ്പോഴുള്ള നീരസം അത് പ്രകടമാണ്.മെസ്സിയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുക എന്നുള്ളത് ഒരു പ്രശ്നം തന്നെയാണ്.പിഎസ്ജി പരിശീലകൻ മെസ്സിയെ പിൻവലിക്കുന്നത് അവസാനിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം എല്ലാവരും ആഗ്രഹിക്കുന്നത് ലയണൽ മെസ്സിയുടെ പ്രകടനം ആസ്വദിക്കാനാണ് ” ഇതാണ് ആല്ലിസ്റ്റർ പറഞ്ഞിട്ടുള്ളത്.

എന്നാൽ എന്തുകൊണ്ടാണ് മെസ്സിയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുന്നത് എന്നുള്ളതിനുള്ള വിശദീകരണം നേരത്തെ തന്നെ പരിശീലകൻ നൽകിയിരുന്നു. തുടർച്ചയായ മത്സരങ്ങൾ വരുന്നതിനാൽ എല്ലാ താരങ്ങളും ശാരീരികമായി ഓക്കെയാണ് എന്നുറപ്പു വരുത്താൻ വേണ്ടിയാണ് ഇത്തരത്തിലുള്ള തീരുമാനങ്ങൾ ഗാൾട്ടിയർ എടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *