മെസ്സിയെന്ന സഹതാരം : മനസ്സ് തുറന്ന് സെർജിയോ റാമോസ്!
ലാലിഗയിൽ ഒരുപാട് കാലം ചിരവൈരികളായി തുടർന്ന താരങ്ങളായിരുന്നു ലയണൽ മെസ്സിയും സെർജിയോ റാമോസും. എന്നാൽ ഈ ട്രാൻസ്ഫർ ജാലകത്തിൽ ഇരുവരും തങ്ങളുടെ ക്ലബുകൾ വിട്ട് കൊണ്ട് പിഎസ്ജിയിലേക്കെത്തുകയായിരുന്നു. നിലവിൽ മെസ്സിയും റാമോസും പിഎസ്ജിയിൽ സഹതാരങ്ങളാണ്.
എന്നാൽ കളത്തിൽ ഇരുവർക്കും അധികമൊന്നും സമയം ചിലവഴിക്കാനായിട്ടില്ല. കേവലം ഒരേ ഒരു മത്സരത്തിൽ മാത്രമാണ് റാമോസും മെസ്സിയും ഒരുമിച്ചിറങ്ങിയിട്ടുള്ളത്. റാമോസിന്റെ പരിക്കാണ് ഇതിന് തടസ്സം സൃഷ്ടിക്കുന്നത്.
ഏതായാലും സഹതാരമെന്ന നിലവിൽ ലയണൽ മെസ്സിയുമായുള്ള ബന്ധത്തെ കുറിച്ച് ഇപ്പോൾ റാമോസ് വിശദീകരിച്ചിട്ടുണ്ട്.വളരെ നല്ല സൗഹൃദത്തിലാണ് തങ്ങൾ മുന്നോട്ട് പോവുന്നത് എന്നാണ് റാമോസ് അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Ramos Opens Up on What It Has Been Like to be Teammates With Messi at PSG https://t.co/OKopZp3CCs
— PSG Talk (@PSGTalk) December 14, 2021
” ഞങ്ങളിപ്പോൾ ഡ്രസ്സിങ് റൂം പങ്കുവെക്കുന്നുണ്ട്. ഞങ്ങൾക്കിടയിൽ വളരെ നല്ല ബന്ധമാണുള്ളത്. പിഎസ്ജിയുടെ വിജയങ്ങൾക്ക് വേണ്ടി അവരെ സഹായിക്കാനാണ് ഞങ്ങളിപ്പോൾ ശ്രമിക്കുന്നത്. ടീമിന്റെ പ്രധാനപ്പെട്ട ലക്ഷ്യമെന്നുള്ളത് ചാമ്പ്യൻസ് ലീഗാണ്.അതിന് വേണ്ടി ടീമിന് കോൺട്രിബ്യൂട്ട് ചെയ്യാൻ ഞാനും മെസ്സിയും പ്രാപ്തരാണ്. ഞങ്ങൾ രണ്ടുപേരും പരസ്പരം ബഹുമാനവും ആദരവും വെച്ചുപുലർത്തുന്നവരാണ്. അതാണ് ഞങ്ങൾക്കിടയിലെ ബന്ധം ” റാമോസ് പറഞ്ഞു.
നിലവിൽ മസിൽ ഫാറ്റിഗ് മൂലം റാമോസ് പുറത്താണുള്ളത്. എന്നാൽ താരം ഉടൻതന്നെ കളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.