മെസ്സിയുടെ കരാർ പുതുക്കാൻ PSG,താരത്തിന്റെ തീരുമാനം ഇങ്ങനെ!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണ വിട്ട് കൊണ്ട് പിഎസ്ജിയിൽ എത്തിയത്. രണ്ടു വർഷത്തെ കരാറിലായിരുന്നു മെസ്സി ഒപ്പ് വെച്ചിരുന്നത്. അതായത് ഈ വരുന്ന സീസണിന് ശേഷം മെസ്സിയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കും.
എന്നാൽ മെസ്സിയെ വിട്ട് നൽകാൻ പിഎസ്ജി ഉദ്ദേശിക്കുന്നില്ല. താരത്തിന്റെ കരാർ പുതുക്കാൻ തന്നെയാണ് പിഎസ്ജിയുടെ തീരുമാനം. മെസ്സിക്ക് പുതിയ ഓഫറുകൾ നൽകാനുള്ള ഒരുക്കത്തിലാണ് നിലവിൽ പിഎസ്ജിയുള്ളത്. പക്ഷേ ഇതുവരെ മെസ്സിക്ക് ഓഫറുകളൊന്നും പിഎസ്ജി നൽകിയിട്ടില്ല എന്നുള്ള കാര്യം മാർക്ക റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അതേസമയം മെസ്സി പിഎസ്ജിയുമായി കരാർ പുതുക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്ന കാര്യം. ഉടൻതന്നെ കരാർ പുതുക്കേണ്ടതില്ല എന്നുള്ളതാണ് മെസ്സിയുടെ ഇപ്പോഴത്തെ നിലപാട് എന്നാണ് മാർക്ക കണ്ടെത്തിയിരിക്കുന്നത്. ഈ വർഷത്തിന്റെ അവസാനത്തിലാണ് ഖത്തർ വേൾഡ് കപ്പ് നടക്കുന്നത്. അതിനുശേഷം ഒരു തീരുമാനം കൈക്കൊണ്ടാൽ മതി എന്നാണ് മെസ്സി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
— Murshid Ramankulam (@Mohamme71783726) July 14, 2022
മെസ്സിയെ സംബന്ധിച്ചിടത്തോളം പിഎസ്ജിയിലെ ആദ്യ സീസൺ ഒരല്പം ബുദ്ധിമുട്ടേറിയതായിരുന്നു.അതുകൊണ്ടുതന്നെ ഈ വരുന്ന സീസണിലെ പ്രകടനവും താരത്തിന്റെ തീരുമാനത്തിൽ സ്വാധീനം ചെലുത്തിയേക്കും. മാത്രമല്ല തന്റെ ആരോഗ്യവും മാനസികാവസ്ഥയുമൊക്കെ പരിഗണിച്ചതിന് ശേഷം മാത്രമേ മെസ്സി കരാർ പുതുക്കുന്ന കാര്യത്തിൽ ഒരു അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.
കളത്തിനകത്ത് മെസ്സിയുടെ സാന്നിധ്യം വലിയ രൂപത്തിൽ കഴിഞ്ഞ സീസണിൽ ഗുണം ചെയ്തിട്ടില്ലെങ്കിലും കളത്തിന് പുറത്ത് വലിയ ലാഭമാണ് മെസ്സി ക്ലബ്ബിന് നൽകിയിട്ടുള്ളത്. ഏകദേശം 700 മില്യൺ യൂറോയോളം പിഎസ്ജിക്ക് വരുമാനമായി ലഭിച്ചുവെന്ന് പിഎസ്ജിയുടെ പ്രസിഡന്റ് തന്നെ വ്യക്തമാക്കിയിരുന്നു. ഏതായാലും നിലവിൽ മെസ്സി അടുത്ത സീസണിന് വേണ്ടി പിഎസ്ജിക്കൊപ്പം തയ്യാറെടുപ്പിലാണുള്ളത്.