മെസ്സിയും നെയ്മറും എംബപ്പേയുമല്ല,പിഎസ്ജിയിലുണ്ടൊരു ഡയമണ്ട്!
കഴിഞ്ഞ ദിവസം നടന്ന തങ്ങളുടെ ആദ്യ പ്രീ സീസൺ മത്സരത്തിൽ വിജയം നേടാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പിഎസ്ജി ക്യുവില്ലിയെ പരാജയപ്പെടുത്തിയത്.സെർജിയോ റാമോസ്,ഗസ്സാമ എന്നിവരായിരുന്നു പിഎസ്ജിക്ക് വേണ്ടി ഗോളുകൾ നേടിയത്.
ഈ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഒരു യുവ സൂപ്പർതാരം പിഎസ്ജിക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു. കേവലം 16 വയസ്സ് മാത്രമുള്ള വാറൻ സൈറേ എമരിയായിരുന്നു പിഎസ്ജിക്ക് വേണ്ടി കളത്തിലേക്കിറങ്ങിയത്. കഴിഞ്ഞ മാർച്ച് മാസത്തിലാണ് താരത്തിന് പതിനാറു വയസ്സായതെന്നും ഇതിനോട് ചേർത്തു വായിക്കേണ്ട ഒരു കാര്യമാണ്.
മധ്യനിരയിലെ ഡയമണ്ട് എന്നാണ് എമരിയെ പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം വിശേഷിപ്പിച്ചിട്ടുള്ളത്. തന്റെ സമപ്രായക്കാരിലേറെ കളിമികവ് താരം പുറത്തെടുക്കുന്നുണ്ട്. പ്രത്യേകിച്ച് താരത്തിന്റെ ഫിസിക്കൽ കപ്പാസിറ്റി ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.താരം ഇപ്പോൾ പിഎസ്ജിയുമായുള്ള കരാർ പുതുക്കിയിട്ടുണ്ട്.2025 വരെയുള്ള ഒരു കരാറിലാണ് ഒപ്പു വച്ചിരിക്കുന്നത്.
First Day ☝️🔴🔵 pic.twitter.com/Dmu5RFtRuK
— Warren Zaïre-Emery FR (@ZaireEmeryFR) July 15, 2022
യുവേഫ യൂത്ത് ലീഗിൽ പിഎസ്ജിക്ക് വേണ്ടി മികച്ച പ്രകടനം നടത്താൻ എമരിക്ക് സാധിച്ചിരുന്നു. മാത്രമല്ല ജൂണിൽ നടന്ന അണ്ടർ 17 യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പ് നേടിയിരുന്നത് ഫ്രാൻസായിരുന്നു.അവർക്ക് വേണ്ടിയും മികച്ച പ്രകടനം പുറത്തെടുക്കാൻ ഈ മധ്യനിര താരത്തിന് സാധിച്ചിരുന്നു.
നിലവിൽ തങ്ങളുടെ യൂത്ത് അക്കാദമിയിലൂടെ ഒരുപാട് മികച്ച താരങ്ങളെയൊന്നും സംഭാവന ചെയ്യാൻ പിഎസ്ജിക്ക് കഴിഞ്ഞിട്ടില്ല.കിമ്പമ്പേയും കോമാനും എങ്കുങ്കുവുമൊക്കെ പിഎസ്ജിയുടെ യൂത്ത് ടീമിലൂടെ വന്ന താരങ്ങൾ തന്നെയാണ്.എന്നാൽ എമരിയെ ഭാവി വാഗ്ദാനമായി കൊണ്ടാണ് ഫുട്ബോൾ ലോകത്തെ പല നിരീക്ഷകരും വാഴ്ത്തുന്നത്.