മെസ്സിയിപ്പോൾ ബാഴ്സയിലെ മെസ്സിയായി : മുൻ ഫ്രഞ്ച് താരം
ഈ സീസണിൽ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിക്ക് വേണ്ടി മിന്നുന്ന പ്രകടനമാണ് സൂപ്പർ താരം ലയണൽ മെസ്സി പുറത്തെടുക്കുന്നത്. കഴിഞ്ഞ സീസണിൽ നിന്നും വ്യത്യസ്തമായി കൊണ്ട് മെസ്സി ഈ സീസണിൽ കൂടുതൽ മികവോടുകൂടി കളിക്കുന്നുണ്ട്.കഴിഞ്ഞ മത്സരത്തിൽ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും മെസ്സി നേടിയിരുന്നു. മാത്രമല്ല ഈ സീസണിൽ ആകെ 11 ഗോളുകളും 12 അസിസ്റ്റുകളും പൂർത്തിയാക്കാൻ മെസ്സിക്ക് ഇപ്പോൾ സാധിച്ചിട്ടുണ്ട്.
എന്തായാലും ലയണൽ മെസ്സിയുടെ ഇപ്പോഴത്തെ മികവിനെ കുറിച്ച് ഫ്രഞ്ച് ഫുട്ബോൾ നിരീക്ഷകനായ ഫ്രാങ്ക് ലേബൂഫ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ബാഴ്സയിലെ മെസ്സിയെ ഇപ്പോൾ തിരികെ ലഭിച്ചു കഴിഞ്ഞു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.ലേബൂഫിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Why ESPN Pundit Believes Messi Is Back to Barcelona Form at PSG https://t.co/KuVCy2BZzD
— PSG Talk (@PSGTalk) October 26, 2022
” നമ്മൾ എഫ് സി ബാഴ്സലോണയിൽ കണ്ടിരുന്ന ഏറ്റവും ബെസ്റ്റ് മെസ്സി ഇപ്പോൾ തിരിച്ചെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പഴയ ഫിനിഷിംഗ് മികവ് ഇപ്പോൾ തിരിച്ച് ലഭിച്ചിട്ടുണ്ട്. ഓടുന്നതിന്റെ അളവ് ഒരല്പം കുറഞ്ഞിട്ടുണ്ടാവാം. എന്നാൽ ആക്രമണത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ മികവ് ഒട്ടും നഷ്ടമായിട്ടില്ല. അദ്ദേഹം ഇപ്പോഴും വളരെ വേഗത ഉള്ള താരമാണ്. എന്താണ് താൻ ചെയ്യേണ്ടത് അത് ചെയ്യാൻ മെസ്സിക്ക് കഴിയുന്നുണ്ട്. എങ്ങനെ സിമ്പിളായി കൊണ്ട് കളിക്കാം എന്നുള്ളതും മറ്റുള്ളവർക്ക് എങ്ങനെ സേവനങ്ങൾ ചെയ്യാം എന്നുള്ളതും മെസ്സിക്ക് കൃത്യമായി അറിയാം ” ലേബൂഫ് പറഞ്ഞു.
ലയണൽ മെസ്സിയുടെ ഇപ്പോഴത്തെ ഈ മികച്ച പ്രകടനം ഏറ്റവും കൂടുതൽ സന്തോഷം നൽകുക അർജന്റീന ആരാധകർക്കായിരിക്കും.കാരണം ഖത്തർ വേൾഡ് കപ്പിന് ഇനി അധികം സമയമില്ല. അർജന്റീന ആരാധകരുടെ പ്രതീക്ഷകൾ മുഴുവനും ലയണൽ മെസ്സി എന്ന നായകനിലാണ്.