മുൻ ബാഴ്സ താരം പിഎസ്ജി വിട്ടു,സ്ഥിരീകരിച്ച് ഫാബ്രിസിയോ!

2019 സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഡച്ച് യുവസൂപ്പർ താരമായ സാവി സിമൺസ് എഫ്സി ബാഴ്സലോണ വിട്ടുകൊണ്ട് പിഎസ്ജിയിലേക്ക് ചേക്കേറിയത്.ഫ്രീ ഏജന്റായി കൊണ്ടായിരുന്നു താരം പിഎസ്ജിയിലേക്ക് എത്തിയത്. ഇപ്പോഴിതാ സാവി സിമൺസ് ഫ്രീ ഏജന്റായി കൊണ്ട് തന്നെ പിഎസ്ജിയും വിട്ടിട്ടുണ്ട്.ഡച്ച് ക്ലബ്ബായ പിഎസ്വി ഐന്തോവനിലേക്കാണ് താരം ചേക്കേറിയിരിക്കുന്നത്.

താരത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ പിഎസ്ജി നടത്തിയിരുന്നു.എന്നാൽ അത് ഫലം കാണാതെ പോവുകയായിരുന്നു. ഇതോടെ താരത്തെ ഫ്രീയായി കൊണ്ട് പോവാൻ പിഎസ്ജി അനുവദിക്കുകയായിരുന്നു.2027 വരെയുള്ള ഒരു കരാറിലാണ് 19 കാരനായ ഈ താരം പിഎസ്വിയുമായി ഒപ്പുവെക്കുക. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.

കൂടുതൽ അവസരങ്ങൾ ലഭിക്കാൻ വേണ്ടിയാണ് സാവി സിമൺസ് ഇപ്പോൾ ക്ലബ്ബ് വിട്ടിട്ടുള്ളത്.2021 ഫെബ്രുവരിയിലായിരുന്നു താരം പിഎസ്ജിയുടെ സീനിയർ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ആറ് മത്സരങ്ങളിൽ നിന്നായി 128 മിനിട്ട് മാത്രമാണ് സാവിക്ക് സീനിയർ ടീമിന് വേണ്ടി കളിക്കാൻ കഴിഞ്ഞ സീസണിൽ സാധിച്ചിട്ടുള്ളത്. അതേസമയം യുവേഫ യൂത്ത് ലീഗിൽ ആകെ 7 മത്സരങ്ങൾ കളിച്ച താരം 4 ഗോളുകളും 6 അസിസ്റ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.

ബാഴ്സയുടെ അക്കാദമിയിലൂടെ വളർന്ന താരം ഒരുകാലത്ത് വലിയ പ്രതീക്ഷകൾ സൃഷ്ടിച്ചിരുന്നു. ഏതായാലും നിലവിൽ അദ്ദേഹമിപ്പോൾ ജന്മനാട്ടിലേക്ക് തന്നെ മടങ്ങി എത്തിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *