മാറ്റം ഒരു ദുരന്തമായി മാറി : ഈ സീസണിൽ പിഎസ്ജിയിലേക്കെത്തിയ സൂപ്പർ താരത്തിന് രൂക്ഷവിമർശനം!

ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപിടി സൂപ്പർ താരങ്ങളെ പിഎസ്ജി സ്വന്തമാക്കിയിരുന്നു. അതിൽ ആദ്യമെത്തിയ വൈനാൾഡത്തെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അത്ര നല്ല രൂപത്തിലല്ല പുരോഗമിച്ചത്.അവസരങ്ങൾ കുറവായിരുന്നു. മാത്രമല്ല കിട്ടിയ അവസരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ താരത്തിന് സാധിച്ചതുമില്ല.

ഏതായാലും വൈനാൾഡത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ പ്രമുഖ ഫുട്ബോൾ പണ്ഡിറ്റായ ബ്രൂണോ സാലോമോൺ. വൈനാൾഡം പിഎസ്ജിയിലേക്ക് ഒന്നും കൊണ്ട് വന്നില്ലെന്നും അദ്ദേഹത്തിന്റെ കൂടുമാറ്റം ഒരു ദുരന്തത്തിലാണ് കലാശിച്ചത് എന്നുമാണ് സാലോമോൺ പറഞ്ഞത്.പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെയുടെ ഒരു പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നമ്മൾ എല്ലാവരും വൈനാൾഡത്തിന്റെ യൂറോ കപ്പിലെ പ്രകടനം വീക്ഷിച്ചവരാണ്. എല്ലാവരും അന്ന് അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു. അത്തരത്തിലുള്ള ഒരു പ്രകടനം പിഎസ്ജിയിലും എല്ലാവരും പ്രതീക്ഷിച്ചു. അതിനുവേണ്ടി അദ്ദേഹത്തെ പല പൊസിഷനുകളും കളിപ്പിച്ചു നോക്കി. പക്ഷേ അദ്ദേഹത്തിന്റെ കൂടുമാറ്റം തന്നെ ഒരു ദുരന്തത്തിൽ കലാശിക്കുകയായിരുന്നു. പിഎസ്ജിയിലേക്ക് അദ്ദേഹം ഒന്നുംതന്നെ കൊണ്ടുവന്നില്ല. ഇത് വലിയ നിരാശയാണ് ഇപ്പോൾ സമ്മാനിക്കുന്നത്. മെസ്സി പതിയെ പതിയെ ഉയർന്നുവരുന്നുണ്ട്, പക്ഷേ വൈനാൾഡം അങ്ങനെയല്ല ” ഇതാണ് സാലോമോൺ പറഞ്ഞത്.

പിഎസ്ജിയിൽ താൻ ഹാപ്പിയല്ല എന്ന കാര്യം വൈനാൾഡം തന്നെ നേരത്തെ തുറന്നു പറഞ്ഞിരുന്നു. ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹം ക്ലബ് വിടാനും സാധ്യതയുണ്ട്.പ്രീമിയർ ലീഗ് ക്ലബുകളാണ് താരത്തിന് വേണ്ടി രംഗത്ത് വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *