മധ്യനിര ശക്തിപ്പെടുത്തണം, ബ്രസീലിയൻ സൂപ്പർ താരത്തെ നോട്ടമിട്ട് പിഎസ്ജി!

ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് എന്നും തലവേദന സൃഷ്ടിക്കുന്ന ഒരു കാര്യമാണ് മധ്യനിരയിലെ പ്രശ്നങ്ങൾ. ഈ സീസണിലും അതിന് മാറ്റമില്ല. പലപ്പോഴും വെറാറ്റിയെ ആശ്രയിച്ചു കൊണ്ട് മാത്രമാണ് പിഎസ്ജിയുടെ മധ്യനിര മുന്നോട്ടു പോവാറുള്ളത്. വൈനാൾഡത്തെ പിഎസ്ജി സ്വന്തമാക്കിയിരുന്നുവെങ്കിലും അത് വേണ്ടത്ര ഫലം കണ്ടിട്ടില്ല. അത്കൊണ്ട് തന്നെ മധ്യനിര ശക്തിപ്പെടുത്താൻ വേണ്ടി കൂടുതൽ താരങ്ങളെ പിഎസ്ജിയിപ്പോൾ ലക്ഷ്യംവക്കുന്നുണ്ട്.

അതിൽ പ്രധാനപ്പെട്ട ഒരു താരമാണ് ബ്രസീലിയൻ സൂപ്പർതാരമായ ലുക്കാസ് പക്വറ്റ.നിലവിൽ ലീഗ് വൺ ക്ലബായ ലിയോണിന് വേണ്ടിയാണ് താരം കളിച്ചു കൊണ്ടിരിക്കുന്നത്.പക്വറ്റയെ സ്വന്തമാക്കാൻ പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്ടറായ ലിയനാർഡോക്ക് താല്പര്യമുണ്ട് എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ളത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപേയാണ് ഇക്കാര്യം പുറത്തു വിട്ടിട്ടുള്ളത്.

എസി മിലാനിൽ കളിച്ചിരുന്ന സമയത്ത് വേണ്ടത്ര മികവിലേക്കുയരാൻ ഈ 24-കാരനായ താരത്തിന് സാധിച്ചിരുന്നില്ല. 44 മത്സരങ്ങളിൽ നിന്ന് കേവലം ഒരു ഗോളും മൂന്ന് അസിസ്റ്റും മാത്രമാണ് താരത്തിന് നേടാനായത്. ഇതോടെ പക്വറ്റ മിലാൻ വിട്ടു കൊണ്ട് ലിയോണിൽ എത്തുകയായിരുന്നു. തുടർന്ന് മിന്നുന്ന പ്രകടനമാണ് താരമിപ്പോൾ ലിയോണിനു വേണ്ടി കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.ആകെ കളിച്ച 56 മത്സരങ്ങളിൽ നിന്ന് 17 ഗോളുകളും 10 അസിസ്റ്റുകളും സ്വന്തമാക്കാൻ പക്വറ്റക്ക് കഴിഞ്ഞിട്ടുണ്ട്.

അതുകൊണ്ടുതന്നെ താരത്തിന്റെ ലീഗ് വണ്ണിലെ പരിചയസമ്പത്ത് തങ്ങൾക്ക് ഗുണകരമാകുമെന്നാണ് പിഎസ്ജി കണക്കു കൂട്ടുന്നത്. കൂടാതെ ബ്രസീലിയൻ ടീമിൽ നന്നായി ഒത്തിണക്കം കാണിക്കുന്ന താരങ്ങളാണ് പക്വറ്റയും നെയ്മർ ജൂനിയറും. അതും അനുകൂലമാവുമെന്നാണ് ലിയനാർഡോ കരുതുന്നത്.

2025 വരെയാണ് നിലവിൽ പക്വറ്റക്ക് ലിയോണുമായി കരാറുള്ളത്. താരത്തെ ക്ലബ്ബ് വിട്ടു നൽകുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *