ഭീമൻ തുക,പിഎസ്ജിയും പോച്ചെട്ടിനോയും കരാറിൽ എത്തി!

പിഎസ്ജിയുടെ പരിശീലക സ്ഥാനത്തു നിന്നും മൗറിസിയോ പോച്ചെട്ടിനോയെ പുറത്താക്കുമെന്നുള്ള കാര്യം നേരത്തെ തന്നെ മാധ്യമങ്ങൾ കണ്ടെത്തിയിരുന്നു. ഇപ്പോൾ അത് അതിന്റെ അവസാനഘട്ടത്തിൽ എത്തി നിൽക്കുകയാണ്. ഉടൻ തന്നെ പിഎസ്ജി പോച്ചെട്ടിനോയെ പുറത്താക്കും.ഈ ആഴ്ച്ചയിൽ തന്നെ ഒഫീഷ്യൽ സ്ഥിരീകരണം ഉണ്ടാവുമെന്നാണ് അറിയാൻ കഴിയുന്നത്.

മാത്രമല്ല ഇക്കാര്യത്തിൽ പോച്ചെട്ടിനോയും പിഎസ്ജിയും ഒരു കരാറിൽ എത്തിയിട്ടുണ്ട്.ഇദ്ദേഹത്തെ പുറത്താക്കുമെന്നുള്ള വിവരം പിഎസ്ജി പോച്ചെയെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും ഇരുവരും ഒരു ധാരണയിൽ എത്തിയിട്ടുണ്ട്.15 മില്യൺ യുറോക്കും 20 മില്യൺ യുറോക്കും ഇടയിലുള്ള ഒരു തുകയായിരിക്കും നഷ്ടപരിഹാരമായി പോച്ചെട്ടിനോക്ക് ലഭിക്കുക. പ്രമുഖ മാധ്യമമായ ലെ പാരീസിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ക്ലബ്ബിന്റെ പുതിയ സ്പോർട്ടിംഗ് ഡയറക്ടറായി ലുകാസ് കാമ്പോസ് ചുമതലയേറ്റിരുന്നു. ഇദ്ദേഹത്തിന്റെ വരവാണ് കാര്യങ്ങളെ വേഗത്തിലാക്കിയത്.ഫ്രഞ്ച് ലീഗിലെ മികച്ച പരിശീലകനുള്ള പുരസ്കാരം കരസ്ഥമാക്കിയ ഗാൾട്ടിയറെ കൊണ്ടുവരാനാണ് ഇദ്ദേഹത്തിന് താല്പര്യം.സിനദിൻ സിദാനേയും പിഎസ്ജി പരിഗണിക്കുന്നുണ്ട്.

അതേസമയം ഒന്നരവർഷം പരിശീലകനായതിന് ശേഷമാണ് പോച്ചെ പിഎസ്ജിയോട് വിട ചൊല്ലുക.പറയത്തക്ക വലിയ നേട്ടങ്ങൾ കരസ്ഥമാക്കാൻ അദ്ദേഹത്തിന് ക്ലബ്ബിൽ സാധിച്ചിട്ടില്ല. ഒരു വർഷത്തെ കരാർ കൂടിയാണ് അദ്ദേഹത്തിന് അവശേഷിക്കുന്നത്.ഏതായാലും പ്രീമിയർ ലീഗ്,ലാലിഗ ക്ലബുകളെ പരിശീലിപ്പിക്കാനാണ് പോച്ചെട്ടിനോ ഇനി ഉദ്ദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *