ബ്രസീലിയൻ താരത്തെ പരിഗണിച്ചില്ല, ഫിഫക്കെതിരെ വിമർശനമുയർത്തി ടുഷേൽ !

ലീഗ് വണ്ണിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ലില്ലെക്കെതിരെ സമനില വഴങ്ങാനായിരുന്നു പിഎസ്ജിയുടെ വിധി. മത്സരത്തിൽ ടീമിന്റെ ക്യാപ്റ്റനും സൂപ്പർ താരവുമായ മാർക്കിഞ്ഞോസ് കളത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. താരത്തിന്റെ ഇടുപ്പിനേറ്റ പരിക്ക് മൂലം അവസാനത്തെ രണ്ട് മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നുവെങ്കിലും ലില്ലെക്കെതിരെ തിരിച്ചു വരികയായിരുന്നു. ഏതായാലും മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു മാർക്കിഞ്ഞോസിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നത്. മത്സരശേഷം താരത്തെ പ്രശംസിച്ചിരിക്കുകയാണ് പരിശീലകൻ തോമസ് ടുഷേൽ. മാർക്കിഞ്ഞോസിന്റെ പ്രകടനം ബാലൺ ഡിയോർ ലഭിക്കേണ്ട തലത്തിൽ ഉള്ളതായിരുന്നു എന്നാണ് ടുഷേൽ പ്രസ്താവിച്ചത്. മാത്രമല്ല ഫിഫ്പ്രോ ഇലവനിൽ താരത്തെ പരിഗണിക്കാത്തതിനെതിരെയും ടുഷേൽ പ്രതികരിച്ചു. എന്തുകൊണ്ടാണ് അദ്ദേഹത്തെ ഫിഫ തിരഞ്ഞെടുക്കാത്തത് എന്ന് തനിക്ക് മനസ്സിലായിട്ടില്ല എന്നാണ് ടുഷേൽ അറിയിച്ചത്. ലില്ലെക്കെതിരെയുള്ള മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഇന്ന് മാർക്കിഞ്ഞോസിന്റെ പ്രകടനം ബാലൺ ഡിയോർ ലെവലിൽ ഉള്ളതായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തെ ഈ വർഷത്തെ ഫിഫ ഇലവനിൽ കാണാൻ കഴിയാത്തത് എന്ന് എനിക്കിത് വരെ മനസ്സിലായിട്ടില്ല ” ടുഷേൽ പറഞ്ഞു. കഴിഞ്ഞ തവണ പിഎസ്ജി ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്താനുള്ള പ്രധാനകാരണക്കാരിൽ ഒരാൾ മാർക്കിഞ്ഞോസ് ആണ്. പ്രതിരോധനിരയിലും മധ്യനിരയിലും താരം മാറിമാറി കളിച്ചിരുന്നു. നോക്കോട്ട് റൗണ്ടുകളിൽ നിർണായകഗോളുകളും താരം നേടിയിരുന്നു. ഇത്തരമൊരു താരത്തെ ഫിഫ ഇലവനിൽ നിന്നും തഴഞ്ഞത് ശരിയായില്ല എന്നാണ് ടുഷേലിന്റെ അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *