ബെസ്റ്റ് മെസ്സി വരുന്നുണ്ട് : പ്രശംസയുമായി മുൻ ഫ്രഞ്ച് താരം!
കഴിഞ്ഞ സെന്റ് എറ്റിനിക്കെതിരെയുള്ള മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.സൂപ്പർ താരം കിലിയൻ എംബപ്പേയുടെ ഗോളുകളാണ് പിഎസ്ജിക്ക് തുണയായത്.ആ രണ്ട് ഗോളുകൾക്കും അസിസ്റ്റ് നൽകിയത് ലയണൽ മെസ്സിയായിരുന്നു.നിലവിൽ എംബപ്പേയുമായി മികച്ച കെമിസ്ട്രിയാണ് മെസ്സി കാഴ്ചവെക്കുന്നത്.
ഏതായാലും ലയണൽ മെസ്സിയുടെ കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് മുൻ ഫ്രഞ്ച് താരമായ ലിസാറാസു രംഗത്ത് വന്നിട്ടുണ്ട്.ബെസ്റ്റ് മെസ്സി പതിയെ പുറത്ത് വരുന്നുണ്ട് എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ. കഴിഞ്ഞദിവസം ടെലിഫൂട്ടിന്റെ ഒരു പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.ലിസാറാസുവിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Pundit Applauds the Recent Form of Lionel Messi, Kylian Mbappé https://t.co/jIS3qq6nyH
— PSG Talk (@PSGTalk) February 28, 2022
” യഥാർത്ഥത്തിൽ നമ്മൾ ലയണൽ മെസ്സിയുടെ കാര്യത്തിൽ അമിത പ്രതീക്ഷകൾ വെച്ചുപുലർത്തി. അദ്ദേഹം മെസ്സിയാണെങ്കിൽ കൂടിയും അഡാപ്റ്റാവാൻ സമയം വേണ്ടിവരുമെന്നുള്ള കാര്യം നമ്മൾ മറക്കാൻ പാടില്ലായിരുന്നു. അതിനു വേണ്ടി ചുരുങ്ങിയത് ആറ് മാസമെങ്കിലും എടുക്കും.20 വർഷത്തോളം ബാഴ്സയിൽ തുടർന്നതിനു ശേഷമാണ് അദ്ദേഹം ഇവിടെ എത്തുന്നത്. പ്രത്യേകിച്ച് അദ്ദേഹത്തെ കേന്ദ്രീകരിച്ചായിരുന്നു ആ ക്ലബ് കളിച്ചിരുന്നത്.എന്നാൽ ഇവിടെ കാര്യങ്ങളെല്ലാം പുതിയതാണ്. പക്ഷേ പതിയെ പതിയെ ബെസ്റ്റ് മെസ്സി പുറത്തുവരുന്നുണ്ട്.അഡാപ്റ്റേഷൻ സമയം പൂർത്തിയായി കഴിഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത്.സെന്റ് എറ്റിനിക്കെതിരെയുള്ള മത്സരത്തിൽ അദ്ദേഹത്തിന്റെ സാങ്കേതികത്തികവും ക്വാളിറ്റിയും നമ്മൾ കണ്ടു.ഒരു ഗോൾ സ്കോറർ എന്നതിനേക്കാൾ ഒരു പാസർ എന്ന നിലയിലാണ് നിലവിൽ മെസ്സി കളിക്കുന്നത്. പക്ഷേ അപ്പോഴും മെസ്സിക്ക് ചാമ്പ്യൻസ് ലീഗിൽ അഞ്ച് ഗോളുകൾ ഉണ്ടെന്ന കാര്യം മറക്കരുത് ” ഇതാണ് ലിസാറാസു പറഞ്ഞിരിക്കുന്നത്.
ഇനി നീസിനെതിരെയാണ് പിഎസ്ജിയുടെ അടുത്ത മത്സരം. അതിനുശേഷമാണ് ചാമ്പ്യൻസ് ലീഗിൽ പിഎസ്ജി റയലിനെ രണ്ടാംപാദത്തിൽ നേരിടുക.