ബാക്ക് ഹീൽ ഗോളുമായി തിളങ്ങി,കിരീടനേട്ടത്തിൽ ഹാപ്പിയെന്ന് റാമോസ്!
ഇന്നലെ നടന്ന ട്രോഫി ഡെസ് ചാമ്പ്യൻസ് ഫൈനലിൽ തകർപ്പൻ വിജയം നേടിക്കൊണ്ട് കിരീടം ചൂടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പിഎസ്ജി നാന്റെസിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം നെയ്മർ ജൂനിയർ ഇരട്ട ഗോളുകൾ നേടിയപ്പോൾ ലയണൽ മെസ്സിയും സെർജിയോ റാമോസും ശേഷിച്ച ഗോളുകൾ കരസ്ഥമാക്കുകയായിരുന്നു.
ഈ വിജയത്തിൽ മെസ്സി,നെയ്മർ എന്നിവർ പ്രശംസിക്കപ്പെടുമ്പോഴും വിസ്മരിക്കാൻ കഴിയാത്ത താരമാണ് റാമോസ്. ഒരു സുന്ദരമായ ബാക്ക് ഹീൽ ഗോളാണ് താരം നേടിയിട്ടുള്ളത്. മാത്രമല്ല പ്രതിരോധത്തിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചു. ഏതായാലും ഈയൊരു കിരീട നേട്ടത്തിൽ സെർജിയോ റാമോസ് സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. മത്സരശേഷം പ്രൈം വീഡിയോയുടെ സംസാരിക്കുകയായിരുന്നു താരം.റാമോസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Sergio Ramos goal vs Nantes 🐐 pic.twitter.com/gYw0ytg9fN
— 𝐏𝐚𝐨𝐥𝐨 (@sr4__capitan) July 31, 2022
” തീർച്ചയായും ഞാൻ വളരെയധികം സന്തോഷവാനാണ്. ഈ സീസണിലെ ആദ്യത്തെ ഒഫീഷ്യൽ മത്സരം ഇതായിരുന്നു.ഞങ്ങൾ ഇതേ രൂപത്തിൽ തുടരേണ്ടതുണ്ട്. തീർച്ചയായും ടീം എന്ന നിലയിൽ ഇന്ന് മികച്ച പ്രകടനമാണ് ഞങ്ങൾ പുറത്തെടുത്തത്. പ്രതിരോധത്തിൽ മികച്ച രൂപത്തിൽ ആശയവിനിമയം നടത്താനും ഞങ്ങൾക്ക് സാധിച്ചു. ഈ സീസണിൽ ഉടനീളം ഞങ്ങൾ പുരോഗതി കൈവരിച്ചുകൊണ്ടേയിരിക്കേണ്ടതുണ്ട്.തീർച്ചയായും ആദ്യ കിരീടം നേടാൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഇനിയും ഞങ്ങൾ ഇത് തുടരണം ” ഇതാണ് റാമോസ് പറഞ്ഞിട്ടുള്ളത്.
ഇനി പിഎസ്ജി ലീഗ് വണ്ണിലാണ് തങ്ങളുടെ അടുത്ത മത്സരം കളിക്കുക.ക്ലർമോന്റ് ഫൂട്ടാണ് പിഎസ്ജിയുടെ എതിരാളികൾ.