ബയേണും പിഎസ്ജിയും തമ്മിലുള്ള വ്യത്യാസം എന്തായിരുന്നു? ഗാൾട്ടിയർ പറയുന്നു.
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിലും പിഎസ്ജിക്ക് തോൽവി രുചിക്കേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബയേൺ പിഎസ്ജിയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ചോപോ മൊട്ടിങ്,സെർജി ഗ്നാബ്രി എന്നിവരാണ് ബയേണിന്റെ ഗോളുകൾ നേടിയത്.2 പാദങ്ങളിലുമായി മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ട പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു.
ഈ മത്സരത്തിൽ പിഎസ്ജിയും ബയേൺ മ്യൂണിക്കും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തായിരുന്നു എന്നുള്ളത് പിഎസ്ജി പരിശീലകനോട് ചോദിച്ചിരുന്നു. പ്രധാനപ്പെട്ട താരങ്ങളുടെ അഭാവം തന്നെയാണ് ഏറ്റവും വലിയ വ്യത്യാസമെന്നാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്. മാത്രമല്ല പിഎസ്ജി വരുത്തിവെച്ച മിസ്റ്റേക്കുകളും വ്യത്യാസമായി കൊണ്ട് ഇദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.ഗാൾട്ടിയറുടെ വാക്കുകൾ ഇങ്ങനെയാണ്.
PSG's Champions League project fails again 🙃 pic.twitter.com/RKnGSEx1i5
— B/R Football (@brfootball) March 8, 2023
“ബയേണും ഞങ്ങളും തമ്മിലുള്ള പ്രധാനപ്പെട്ട വ്യത്യാസം എന്നുള്ളത് താരങ്ങളുടെ ലഭ്യത തന്നെയാണ്.ആദ്യ മത്സരത്തിൽ ഒരുപാട് പ്രധാനപ്പെട്ട താരങ്ങളെ ഞങ്ങൾക്ക് ലഭ്യമായിരുന്നില്ല.ഈ മത്സരത്തിലും അങ്ങനെ തന്നെയാണ് സംഭവിച്ചത്. സെന്റർ ബാക്കുമാരിൽ ഞങ്ങൾക്ക് മാറ്റം വരുത്തേണ്ടി വന്നു. തീർച്ചയായും ഇതൊക്കെ ബലഹീനതകളാണ്. മാത്രമല്ല ഞങ്ങൾ ആദ്യ ഗോൾ വഴങ്ങിയത് ഒരു മിസ്റ്റേക്കിലൂടെയാണ്. ഇത്തരം മിസ്റ്റേക്കുകൾ ഒഴിവാക്കിയിരുന്നുവെങ്കിൽ ഞങ്ങൾക്ക് ഈ മത്സരത്തിൽ സാധ്യതയുണ്ടായിരുന്നു.ഇതൊക്കെയാണ് പ്രധാനപ്പെട്ട വ്യത്യാസങ്ങൾ. എന്തായാലും ആ മത്സരം അവസാനിച്ചു കഴിഞ്ഞു. ഇനി അതിനെക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല.എല്ലാവരും നിരാശരാണ്. ഇനി ലീഗ് വണ്ണിലാണ് ഞങ്ങൾ ശ്രദ്ധ ചെലുത്തുക ” ഇതാണ് പിഎസ്ജി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
സ്വന്തം ടീമിനെതിരെ സൂപ്പർ താരമായ കിലിയൻ എംബപ്പേയും മത്സരശേഷം വിമർശനങ്ങൾ ഉയർത്തിയിരുന്നു.ഇതാണ് ടീമിന്റെ പരമാവധി മികച്ച പ്രകടനമെന്നും ഇതിനേക്കാൾ മുന്നോട്ടുപോവാൻ ഇനി പിഎസ്ജിക്ക് കഴിയില്ല എന്നുമായിരുന്നു എംബപ്പേ പറഞ്ഞിരുന്നത്. ഏതായാലും ഈ സീസണിന് ശേഷം ക്ലബ്ബിൽ വലിയ ഒരു അഴിച്ചു പണിക്കു സാധ്യതയുണ്ട്.