ഫ്രീകിക്ക് ഗോളുകൾ, ഇതിഹാസങ്ങൾക്കൊപ്പം ഇടം നേടി മെസ്സി !

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പിഎസ്ജി OGC നീസിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി,കിലിയൻ എംബപ്പേ എന്നിവരുടെ ഗോളുകളാണ് പിഎസ്ജിക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.ഈ ജയത്തോടുകൂടി പിഎസ്ജി ഒന്നാം സ്ഥാനം തിരിച്ച് പിടിക്കുകയും ചെയ്തു.

മത്സരത്തിന്റെ 28ആം മിനുട്ടിലാണ് മെസ്സിയുടെ ഗോൾ പിറന്നത്. മനോഹരമായ ഫ്രീകിക്കിലൂടെയാണ് മെസ്സി ഗോൾ നേടിയത്.പിഎസ്ജിക്ക് വേണ്ടി മെസ്സി ഫ്രീകിക്കിലൂടെ നേടുന്ന ആദ്യത്തെ ഗോളാണ് ഇത്. മാത്രമല്ല ഈ ഗോളോട് കൂടി മെസ്സി തന്റെ കരിയറിൽ ആകെ 60 ഫ്രീകിക്ക് ഗോളുകൾ പൂർത്തിയാക്കുകയും ചെയ്തു.

ബാഴ്സക്കൊപ്പം ആകെ 50 ഫ്രീകിക്ക് ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്. അർജന്റീനക്കൊപ്പം ഒമ്പത് ഫ്രീകിക്ക് ഗോളുകളും പിഎസ്ജിക്കൊപ്പം ഒരു ഗോളും മെസ്സി സ്വന്തമാക്കി. ഇങ്ങനെയാണ് 60 ഫ്രീകിക്ക് ഗോളുകൾ കരസ്ഥമാക്കിയിട്ടുള്ളത്.

അത് മാത്രമല്ല 21ആം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോളുകൾ നേടിയ ഇതിഹാസങ്ങൾക്കൊപ്പം ഇടം നേടാനും മെസ്സിക്ക് സാധിച്ചിട്ടുണ്ട്. നാലാം സ്ഥാനമാണ് ഇപ്പോൾ മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. ഒന്നാം സ്ഥാനത്ത് ബ്രസീലിയൻ ഇതിഹാസമായ ജൂനിഞ്ഞോയാണ് ഉള്ളത്. അദ്ദേഹം 77 ഫ്രീകിക്ക് ഗോളുകളാണ് കരസ്ഥമാക്കിയിട്ടുള്ളത്. ഇത് മറികടക്കണമെങ്കിൽ ഇനിയും മെസ്സി 18 ഫ്രീകിക്ക് ഗോളുകൾ കൂടി നേടണം.

രണ്ടാം സ്ഥാനത്ത് മറ്റൊരു ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡീഞ്ഞോ വരുന്നു.66 ഫ്രീകിക്ക് ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.65 ഫ്രീകിക്ക് ഗോളുകൾ നേടിയിട്ടുള്ള ഡേവിഡ് ബെക്കാമാണ് മൂന്നാം സ്ഥാനത്ത്. ഇദ്ദേഹത്തിന്റെ പിറകിലാണ് ഇപ്പോൾ മെസ്സിയുള്ളത്.

ഏതായാലും അർജന്റീനക്ക് വേണ്ടി മെസ്സി അവസാനമായി നേടിയ ഗോളും ഫ്രീകിക്കിലൂടെയായിരുന്നു. മെസ്സിയുടെ ഈ മികവ് ആരാധകർക്ക് വളരെയധികം സന്തോഷം പകരുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *