ഫോം കണ്ടെത്താനാവാതെ എംബാപ്പെ, നേരിടേണ്ടി വരുന്നത് വലിയ വിമർശനങ്ങൾ !

സമകാലിക ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ പ്രതിഭകളിൽ ഒരാളായാണ് കിലിയൻ എംബാപ്പെ അറിയപ്പെടുന്നത്. പിഎസ്ജിക്ക്‌ വേണ്ടിയും ഫ്രാൻസിനും വേണ്ടിയും ഗോളടിച്ചു കൂട്ടിയിരുന്ന എംബാപ്പെക്കിപ്പോൾ മോശം സമയമാണ്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം താരത്തിന്റെ പ്രകടനത്തിൽ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട് എന്നുള്ളത് ഫുട്ബോൾ പണ്ഡിതൻമാർ നിരീക്ഷിച്ച കാര്യമാണ്. ഈ സീസണിന്റെ തുടക്കത്തിൽ മിന്നാൻ സാധിച്ചുവെങ്കിലും ഓരോ മത്സരം കൂടി വരും തോറും താരത്തിന്റെ പ്രകടനം മോശമായി വരികയാണ്. പലപ്പോഴും ആത്മവിശ്വാസം കൈവിട്ടു പോവുന്നതും ലക്ഷ്യം പിഴക്കുന്നതുമായ എംബാപ്പെയാണ് കാണേണ്ടി വരുന്നത്. ഈ സീസണിൽ ആകെ 22 മത്സരങ്ങൾ കളിച്ച താരം 14 ഗോളുകളും 8 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഇതൊരു ഭേദപ്പെട്ട പ്രകടനമാണെങ്കിലും സമീപകാലത്തെ ചില മത്സരങ്ങൾ എടുത്തു നോക്കിയാൽ താരം ഗോളടിക്കാനാവാതെയും ഫോം കണ്ടെത്താനാവാതെയും ഉഴലുന്നത് കാണാം.

നെയ്മറുടെ അഭാവത്തിൽ ടീമിനെ മുന്നോട്ട് നയിക്കേണ്ടതിന്റെ സമ്മർദ്ദം താരം അനുഭവിക്കുന്നുണ്ട്. മാത്രമല്ല വിമർശനങ്ങളും ട്രാൻസ്ഫർ വാർത്തകളും താരത്തെ തളർത്തുന്നുമുണ്ട്. എംബാപ്പെ പിഎസ്ജിയിൽ സ്ഥാനമർഹിക്കുന്നില്ല എന്നാണ് മുൻ പിഎസ്ജി താരമായ ലാർക്കെ പറഞ്ഞത്. ” എന്താണ് സംഭവിക്കുന്നത് എന്ന് അന്വേഷിക്കാനൊന്നും ഞാൻ മുതിരുന്നില്ല. പക്ഷെ എംബാപ്പെ കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുകയാണ് ചെയ്യുന്നത്. അദ്ദേഹം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ആവിശ്യമില്ലാത്ത കാര്യങ്ങൾ കളത്തിനകത്ത് കാണിക്കുന്നത് അദ്ദേഹം നിർത്തണം. എന്തിനാണ് അദ്ദേഹം റബോണ പാസ് നൽകാൻ ശ്രമിക്കുന്നത്? എന്തിനാണ് അദ്ദേഹം 12 ന് മുകളിൽ സ്റ്റെപ് ഓവറുകൾ നടത്താൻ ശ്രമിക്കുന്നത്? വേഗത മാത്രമാണ് എംബാപ്പെക്കുള്ളത്. അതിൽ കൂടുതൽ ഒന്നും കാണാൻ കഴിയില്ല. എംബാപെ പിഎസ്ജി ടീമിൽ സ്ഥാനം തന്നെ അർഹിക്കുന്നില്ല ” ലാർക്കെ പറഞ്ഞു. നിലവിൽ പിഎസ്ജിയുടെ പരിശീലകനായ പോച്ചെട്ടിനോ എംബാപ്പെയെ ഫോമിലേക്ക് കൊണ്ട് വരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *