ഫൈനൽ കളിക്കാതിരിക്കാൻ മനഃപൂർവ്വം പുറത്താക്കി, റഫറിക്കെതിരെ ആരോപണവുമായി നെയ്മർ!
കഴിഞ്ഞ ദിവസം നടന്ന കോപേ ഡി ഫ്രാൻസിന്റെ സെമിയിൽ മോന്റെപെല്ലിയറിനെ കീഴടക്കി കൊണ്ട് പിഎസ്ജിക്ക് ഫൈനലിലേക്ക് പ്രവേശിച്ചിരുന്നു. നിശ്ചിത സമയത്ത് മത്സരം 2-2 ന് സമനിലയിൽ കലാശിച്ചതിനെ തുടർന്ന് നടത്തിയ പെനാൽറ്റി ഷൂട്ടൗട്ടിൽ 6-5 എന്ന സ്കോറിന് എതിരാളികളെ മറികടന്നാണ് പിഎസ്ജി ഫൈനലിൽ പ്രവേശിച്ചത്. മത്സരത്തിന്റെ 86-ആം മിനുട്ടിലായിരുന്നു സൂപ്പർ താരം നെയ്മർ ജൂനിയർ കളത്തിലേക്ക് എത്തിയത്. എന്നാൽ നാല് മിനിറ്റിനകം നെയ്മർക്ക് ഒരു യെല്ലോ കാർഡ് ലഭിച്ചിരുന്നു. ഇതോടെ താരത്തിന് ഫൈനൽ നഷ്ടപ്പെടുകയായിരുന്നു.
Neymar is out of the Coupe de France final, and he is not happy! 😡https://t.co/t42oJi775v pic.twitter.com/O4GtLdLuvY
— MARCA in English (@MARCAinENGLISH) May 13, 2021
റഫറി തനിക്ക് യെല്ലോ കാർഡ് നൽകിയത് മനഃപൂർവമാണ് എന്നാരോപിച്ചിരിക്കുകയാണ് നെയ്മർ. മത്സരശേഷം സോഷ്യൽ മീഡിയയിലാണ് നെയ്മർ റഫറിക്കെതിരെ ആഞ്ഞടിച്ചത്. താൻ വഴങ്ങിയ ഏക ഫൗളിന് ഒന്നും നോക്കാതെ റഫറി യെല്ലോ കാർഡ് നൽകുകയായിരുന്നുവെന്നും അത് മനഃപൂർവമാണ് എന്നുമാണ് നെയ്മർ കുറിച്ചത്.
” ഞാൻ ആകെ 5 മിനുട്ടാണ് കളിച്ചത്.ഒരു ഫൗൾ മാത്രമാണ് വഴങ്ങിയത്. അതിന് തന്നെ റഫറി ഒന്നും ചിന്തിക്കാതെ യെല്ലോ കാർഡ് നൽകുകയായിരുന്നു.എന്നെ ഫൈനലിൽ നിന്നും പുറത്താക്കിയതിന് നന്ദി.ഇത് വ്യക്തിപരമായ വിദ്വേഷത്തിന്റെ പുറത്ത് ചെയ്തതാണ് എന്ന് ഞാൻ കരുതുന്നു ” റഫറി ജെറമി പിഗ്നാർഡിനെ പരിഹസിച്ചു കൊണ്ട് നെയ്മർ കുറിച്ചു. ഈ സീസണിൽ ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ നിന്നും പുറത്തായ പിഎസ്ജിക്ക് ഇത്തവണ ലീഗ് വൺ കിരീടവും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇനി കോപ്പ ഡി ഫ്രാൻസാണ് ഇവരുടെ പ്രതീക്ഷ.
