ഫുട്ബോളിനെ കുറിച്ച് എല്ലാമറിയുന്നവൻ,ക്യാപ്റ്റൻ സ്ഥാനം അദ്ദേഹത്തിന് നൽകൂ : PSG സൂപ്പർ താരത്തെ കുറിച്ച് പണ്ഡിറ്റ്!

നിലവിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുടെ ക്യാപ്റ്റൻ സ്ഥാനം വഹിക്കുന്നത് ബ്രസീലിയൻ സൂപ്പർതാരമായ മാർക്കീഞ്ഞോസാണ്. നിലവിൽ ദേശീയ ടീമുകളിൽ ക്യാപ്റ്റൻ സ്ഥാനം വഹിക്കുന്ന ഒരുപാട് പേർ പിഎസ്ജിയിലുണ്ട്.ലയണൽ മെസ്സി,നെയ്മർ ജൂനിയർ,സെർജിയോ റാമോസ് എന്നിവരൊക്കെ അതിൽ പെട്ടവരാണ്.

ഏതായാലും പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെയുടെ ഫുട്ബോൾ നിരീക്ഷകനായ യുവാൻ റിയു ഇതുമായി ബന്ധപ്പെട്ട ചില അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് ഫുട്ബോളിനെ കുറിച്ച് എല്ലാം അറിയുന്ന വ്യക്തിയാണ് സെർജിയോ റാമോസെന്നും പിഎസ്ജിയുടെ ക്യാപ്റ്റൻ സ്ഥാനം അദ്ദേഹത്തിനാണ് നൽകേണ്ടത് എന്നുമാണ് റിയു പറഞ്ഞിട്ടുള്ളത്.റിയുവിന്റെ വാക്കുകളെ പിഎസ്ജി ടോക്ക് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” റാമോസിന് പരിക്കുകളൊന്നുമില്ലെങ്കിൽ അദ്ദേഹമാണ് ലീഡറാവേണ്ടത്.ലോക്കർ റൂമിന്റെ ബോസ്സാവേണ്ടതും അദ്ദേഹം തന്നെയാണ്.റാമോസിന് നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളുണ്ട്, ഒരു വേൾഡ് കപ്പും രണ്ട് യുറോ കപ്പുമുണ്ട്. കൂടാതെ ആയിരക്കണക്കിന് മറ്റു കാര്യങ്ങളുമുണ്ട്. ഫുട്ബോളിനെക്കുറിച്ചും ഇതിന്റെ പരിതസ്ഥിതികളെക്കുറിച്ചും റാമോസിന് എല്ലാമറിയാം. അദ്ദേഹം ഇവിടെ എത്തിയിട്ട് ഒരു വർഷം പൂർത്തിയായിട്ടുണ്ട്. താരങ്ങളെ നിരീക്ഷിക്കാനും ജഡ്ജ് ചെയ്യാനും അദ്ദേഹത്തിന് കഴിവുണ്ട്. മറ്റുള്ള താരങ്ങളെക്കാൾ എത്രയോ മുകളിലാണ് അദ്ദേഹത്തിന്റെ അനുഭവസമ്പത്ത്.ലീഡർ എന്ന കാര്യത്തിൽ മെസ്സി,നെയ്മർ,എംബപ്പേ എന്നിവരെക്കാൾ മുകളിൽ തന്നെയാണ് റാമോസ്. റാമോസിനെയാണ് നിങ്ങൾ ശ്രദ്ധിക്കേണ്ടത്. അദ്ദേഹത്തിന്റെ കാലടികളെയാണ് നിങ്ങൾ പിന്തുടരേണ്ടത് ” ഇതാണ് റിയു പറഞ്ഞിട്ടുള്ളത്.

ദീർഘകാലം സെർജിയോ റാമോസ് റയലിന്റെ ക്യാപ്റ്റനായിരുന്നു. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു അദ്ദേഹം റയൽ വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *