പ്രൈവറ്റ് ജെറ്റിന്റെ അമിത ഉപയോഗം, മെസ്സിക്ക് ഫ്രാൻസിൽ രൂക്ഷ വിമർശനം!
ഈയിടെ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി പ്രൈവറ്റ് ജെറ്റുമായി ബന്ധപ്പെട്ട ഒരു വിവാദത്തിൽ അകപ്പെട്ടിരുന്നു. അതായത് നാന്റെസിനെതിരെയുള്ള മത്സരത്തിനു വേണ്ടി പാരിസിൽ നിന്നും രണ്ടുമണിക്കൂർ ട്രെയിൻ യാത്ര മാത്രമാണ് ആവശ്യമുണ്ടായിരുന്നത്. എന്നാൽ പിഎസ്ജി സ്വകാര്യ വിമാനം ഉപയോഗിക്കുകയായിരുന്നു. ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ പിഎസ്ജി പരിശീലകനോട് ചോദിക്കപ്പെട്ടപ്പോൾ വളരെ പരിഹാസരൂപണയായിരുന്നു ഗാൾട്ടിയറും ഒപ്പമുണ്ടായിരുന്ന എംബപ്പേയും പ്രതികരിച്ചിരുന്നത്.
എന്നാൽ ഇവരുടെ ഈ പെരുമാറ്റത്തിനെതിരെ ഫ്രാൻസിലെ കായിക മന്ത്രി ഉൾപ്പെടെയുള്ളവർ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഏതായാലും പ്രൈവറ്റ് ജെറ്റ് വിവാദം വീണ്ടും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.ലയണൽ മെസ്സി തന്റെ പ്രൈവറ്റ് ജെറ്റ് അമിതമായി ഉപയോഗിക്കുന്നു എന്നുള്ളതാണ് ഇപ്പോഴത്തെ പുതിയ പ്രശ്നം. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെയാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
Lionel Messi's private jet made 52 trips over 3 months, emitting 1,502 tons of CO2 – the same impact as an average French person over 150 years. (L'Éq)https://t.co/r5h5BZqPFP
— Get French Football News (@GFFN) September 30, 2022
അതായത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ മെസ്സിയുടെ സ്വകാര്യ വിമാനം 52 തവണയാണ് പറക്കൽ നടത്തിയിട്ടുള്ളത്.368 മണിക്കൂറോളം വരും ഇത്. 1502 ടൺ കാർബൺ ഡൈ ഓക്സൈഡ് ആണ് ഈ സ്വകാര്യ വിമാനം പുറന്തള്ളിയിട്ടുള്ളത്. ഒരു ഫ്രഞ്ച് വ്യക്തി ശരാശരി 150 വർഷത്തോളം പുറന്തള്ളുന്ന CO2 ആണ് മെസ്സിയുടെ സ്വകാര്യ വിമാനം കേവലം മൂന്നുമാസം കൊണ്ട് പുറന്തള്ളിയിരിക്കുന്നത് എന്നാണ് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നത്.
ഫ്രാൻസിലെ ഹരിതഗ്രഹ വാതകത്തിന്റെ ഒരു ശതമാനം മാത്രമേ ഇത് വരുന്നുള്ളൂവെങ്കിലും ജനങ്ങൾക്ക് മാതൃകയാവേണ്ട മെസ്സിയെ പോലെയുള്ള ആളുകളിൽ നിന്നും ഇതൊരിക്കലും ഉണ്ടാവാൻ പാടില്ല എന്നാണ് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്. ഈ 52 യാത്രകളിൽ പലപ്പോഴും മെസ്സി ഉണ്ടാവാറില്ല. മറിച്ച് അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടിയാണ് ഈ സ്വകാര്യ വിമാനം പലപ്പോഴും ഉപയോഗിക്കാറുള്ളത്. മെസ്സിയെ കൂടാതെ ഫ്രഞ്ച് താരങ്ങളായ ബെൻസിമ,പോഗ്ബ, എന്നിവർക്കൊക്കെ ഇത്തരത്തിലുള്ള വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.