പ്രമുഖരില്ലാതെ പിഎസ്ജി ഇന്ന് കളത്തിൽ, കോവിഡ് ബാധിച്ച താരങ്ങളെ പറ്റി വിശദീകരണം നൽകി ടുഷേൽ !

സൂപ്പർ താരങ്ങളുടെ അഭാവത്തിൽ പിഎസ്ജിയിന്ന് ലീഗ് വണ്ണിൽ ബൂട്ടണിയും. ലീഗ് വണ്ണിലെ രണ്ടാം റൗണ്ട് പോരാട്ടങ്ങളാണ് ഇന്ന് നടക്കുന്നതെങ്കിലും പിഎസ്ജിയുടെ ആദ്യമത്സരമാണ് ഇന്ന്. ചാമ്പ്യൻസ് ലീഗ് കളിച്ചതിനാൽ പിഎസ്ജിയുടെ ആദ്യറൗണ്ട് പോരാട്ടം മാറ്റിവെക്കുകയായിരുന്നു. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-നാണ് മത്സരം നടക്കുക. ലെൻസ്‌ ആണ് പിഎസ്ജിയുടെ എതിരാളികൾ. ലെൻസിന്റെ മൈതാനത്ത് വെച്ച് തന്നെയാണ് മത്സരം നടക്കുന്നത്. അതേ സമയം സൂപ്പർ താരങ്ങൾ ഒന്നും തന്നെ ഇന്ന് കളത്തിലിറങ്ങില്ല. നെയ്മർ ജൂനിയർ, കിലിയൻ എംബാപ്പെ, മാർക്കിഞ്ഞോസ്, എയ്ഞ്ചൽ ഡിമരിയ, മൗറോ ഇകാർഡി, കെയ്‌ലർ നവാസ്, പരേഡസ് എന്നീ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എംബാപ്പെക്ക് ഫ്രഞ്ച് ടീം ക്യാമ്പിൽ നിന്നും ബാക്കിയുള്ളവർക്ക് ഇബിസ ദ്വീപിൽ നിന്നുമാണ് കോവിഡ് പിടിപ്പെട്ടത്.

ഈ താരങ്ങൾ ഒന്നും തന്നെ ഇല്ലാതെയാണ് പിഎസ്ജി ഇന്ന് ബൂട്ടണിയുക.അതേ സമയം ഞായറാഴ്ച ലീഗ് വണ്ണിൽ നടക്കുന്ന സൂപ്പർ പോരാട്ടത്തിനും ഇവർ ഉണ്ടാവുമോ എന്നുറപ്പില്ലെന്ന് പിഎസ്ജി പരിശീലകൻ തോമസ് ടുഷേൽ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം കോവിഡ് ബാധിച്ച താരങ്ങളുടെ സ്ഥിതിഗതികളെ കുറിച്ച് വിശദീകരണം നൽകിയത്. ” അവർ നന്നായിരിക്കുന്നു. പക്ഷെ അവർ എന്ന് പരിശീലനത്തിന് എത്തും എന്ന് വ്യക്തമല്ല. അതിനാൽ തന്നെ അവർ ഞായറാഴ്ച കളിക്കുന്ന കാര്യം സംശയമാണ്. അവർ ചിലപ്പോൾ വെള്ളിയാഴ്ച്ചയോ ശനിയാഴ്ച്ചയോ മടങ്ങിയെത്തിയേക്കാം. കാത്തിരുന്നു കാണാം. ഈ കാര്യത്തിൽ ഒരുപാട് ഉത്തരവാദിത്തവും ജാഗ്രതയും കാണിക്കേണ്ടതുണ്ട് ” ടുഷേൽ പറഞ്ഞു. അതേ സമയം ഞായറാഴ്ച ചിരവൈരികളായ മാഴ്സെക്കെതിരെയാണ് പിഎസ്ജിയുടെ പോരാട്ടം.

Leave a Reply

Your email address will not be published. Required fields are marked *