പോച്ചെട്ടിനോ പുറത്തേക്ക്? PSG പരിഗണിക്കുന്നത് ഈ 10 പരിശീലകരെ!
യുവേഫ ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടറിൽ തന്നെ പുറത്തായതോടെ കൂടി വലിയ രൂപത്തിലുള്ള വിമർശനങ്ങളാണ് പിഎസ്ജി താരങ്ങൾക്കും പരിശീലകനും ഏൽക്കേണ്ടി വരുന്നത്.പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോയുടെ സ്ഥാനം വരുന്ന സമ്മറിൽ നഷ്ടമാവുമെന്നുള്ള കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.പിഎസ്ജി താരങ്ങൾക്കും പ്രസിഡന്റ് ഖലീഫിക്കും അദ്ദേഹത്തിൽ വിശ്വാസം നഷ്ടമായിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഒരു പുതിയ പരിശീലകന് വേണ്ടിയുള്ള അന്വേഷണത്തിലാണ് നിലവിൽ പിഎസ്ജിയുള്ളത്. ഈ സ്ഥാനത്തേക്ക് പിഎസ്ജി ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് മുൻ റയൽ മാഡ്രിഡ് പരിശീലകനായ സിനദിൻ സിദാനെയാണ്.നിലവിൽ സിദാൻ ഫ്രീ ഏജന്റാണ്.
പിന്നീട് പിഎസ്ജി പരിഗണിക്കുന്നത് അത്‌ലറ്റികോ മാഡ്രിഡിന്റെ അർജന്റൈൻ പരിശീലകനായ ഡിയഗോ സിമയോണിയെയാണ്. അദ്ദേഹം ക്ലബ്ബ് വിടുമെന്നുള്ള റൂമറുകൾ ഈയിടെ സജീവമാണ്.
Report: Diego Simeone Leads the List of Candidates PSG Will Look at Aside From Zinedine Zidane https://t.co/QOGzxbV3Bj
— PSG Talk (@PSGTalk) March 14, 2022
ഇവരെ കൂടാതെ എട്ട് പരിശീലകരുടെ പേരുകൂടി ഈ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മാസിമിലിയാനോ അല്ലെഗ്രി (യുവന്റസ്),അന്റോണിയോ കോന്റെ ( ടോട്ടൻഹാം ഹോട്സ്പർ),എറിക് ടെൻ ഹാഗ് (അയാക്സ് ),ക്രിസ്റ്റോഫ് ഗാൽറ്റിയർ (നീസ്),മൈക്കൽ ആർടെറ്റ (ആഴ്സണൽ),സിമോൺ ഇൻസാഗി (ഇന്റർ മിലാൻ),ലൂസിയൻ ഫാവ്രെ ( മുൻ ബൊറൂസിയ പരിശീലകൻ ),തിയാഗോ മൊട്ട (സ്പെസിയ) എന്നിവരെയും പിഎസ്ജി പരിഗണിക്കുന്നുണ്ട് എന്നാണ് ഇവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ സീസണിലായിരുന്നു പോച്ചെട്ടിനോ പിഎസ്ജിയുടെ പരിശീലകനായത്.എന്നാൽ ലീഗ് വൺ കിരീടം നഷ്ടമായിരുന്നു.ഏതായാലും പോച്ചെട്ടിനോയുടെ സ്ഥാനം നഷ്ടമാവാൻ തന്നെയാണ് സാധ്യതകൾ.