പോച്ചെട്ടിനോയുടെ പകരക്കാരനാരാവും? പുതിയ പേരുകൾ രംഗത്ത്!

ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ഈ സീസൺ ഒട്ടും ആശ്വാസകരമായിരുന്നില്ല.ലീഗ് വൺ കിരീടം തിരിച്ചുപിടിച്ചെങ്കിലും യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും നേരത്തെ പുറത്തായത് അവർക്ക് തിരിച്ചടിയാവുകയായിരുന്നു.അത്കൊണ്ട് തന്നെ പരിശീലകനായ പോച്ചെട്ടിനോയെയും സ്പോട്ടിങ് ഡയറക്ടറായ ലിയനാർഡോയെയും ഒഴിവാക്കാൻ ഇപ്പോൾ പിഎസ്ജി ആലോചിക്കുന്നുണ്ട്.

ഏതായാലും പോച്ചെട്ടിനോയുടെ പകരക്കാരൻ ആരാവുമെന്നുള്ളത് ഇപ്പോഴും വലിയൊരു ചോദ്യചിഹ്നമാണ്.സിനദിൻ സിദാന്റെ പേരാണ് ഈ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്നത്.എന്നാൽ പുതിയ പേരുകൾ കൂടി ഇപ്പോൾ രംഗപ്രവേശനം ചെയ്തിട്ടുണ്ട്.

ജർമ്മനിയുടെ മുൻ പരിശീലകനായിരുന്ന ജോക്കിം ലോയെ പിഎസ്ജി പരിഗണിക്കുന്നുണ്ട് എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. പ്രമുഖ മാധ്യമമായ ഗോളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ സമ്മറിൽ ജർമ്മനിയുടെ പരിശീലക സ്ഥാനമൊഴിഞ്ഞതിന് ശേഷം ലോ ഫ്രീ ഏജന്റാണ്. വീണ്ടും പരിശീലകൻ ആവാൻ അദ്ദേഹത്തിന് താൽപര്യമുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

കൂടാതെ ഇറ്റാലിയൻ മാധ്യമപ്രവർത്തകനായ ഡി മർസിയോ മറ്റൊരു പുതിയ പേര് കൂടി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.മുൻ പിഎസ്ജി താരമായിരുന്ന തിയാഗോ മൊട്ടയെ ക്ലബ് പരിഗണിക്കുന്നുണ്ട് എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ. നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ സ്പെസിയയെയാണ് മൊട്ട പരിശീലിപ്പിക്കുന്നത്. നിലവിൽ സിരി എയിൽ പതിനാറാം സ്ഥാനത്താണ് സ്പെസിയയുള്ളത്.

കൂടാതെ ടോട്ടൻഹാമിന്റെ പരിശീലകനായ അന്റോണിയോ കോന്റെയെ എത്തിക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയും പിഎസ്ജി വെച്ചു പുലർത്തുന്നുണ്ട്. എന്നാൽ ഈ അഭ്യൂഹങ്ങളെ കോന്റെ തന്നെ നേരിട്ട് നിരസിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *